sreelekha

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇത്തരം പരാമർശമെന്നായിരുന്നു അവർ പ്രതികരിച്ചത്. കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെ ഇത്തരം പരാമർശങ്ങൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ശ്രീലേഖ മുമ്പും ദിലീപിനെ അനുകൂലിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കുറ്റാരോപിതൻ കുറ്റക്കാരനല്ലെന്ന് പറയുന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി രംഗത്തെത്തിയത്. കേസിൽ ദിലീപിനെതിരെ തെളിവില്ലാത്തതിനാലാണ് ഗൂഢാലോചന കേസ് ഉയർന്നുവന്നതെന്ന് പറഞ്ഞ ശ്രീലേഖ കേസിൽ പൊലീസ് ദിലീപിനെതിരെ വ്യാജതെളിവുണ്ടാക്കിയെന്നും ആരോപിച്ചു.

ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണം ശരിയായി നടക്കാത്തതിനാലാണ് സാക്ഷികൾ കൂറുമാറാൻ കാരണം. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണ്.

ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാദ്ധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാദ്ധ്യമങ്ങളുടെ വലിയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നുമാണ് ശ്രീലേഖയുടെ ആരോപണം.

അതേസമയം,​ ശ്രീലേഖയ്‌ക്കെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് പ്രോസിക്യൂഷൻ. വിസ്‌താരം നടക്കുന്ന കേസിലെ പ്രതി നിരപരാധിയെന്ന് പറഞ്ഞതിനെ മുൻനിർത്തിയാകും നടപടി. ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലാണ്.