
ഇത്തവണ ഒാണത്തിന് തിയേറ്ററിൽ ശക്തമായ താരപ്പോര്. കൊവിഡിനെത്തുടർന്ന് രണ്ട് ഒാണക്കാലം മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടിരുന്നെങ്കിൽ അതിന് പകരമായി ബിഗ് ബഡ്ജറ്റിൽ സൂപ്പർ താരം ചിത്രം ഉൾപ്പെടെ ആറ് സിനിമകൾ ഈ ഒാണക്കാലത്ത് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. രണ്ടു നവാഗതസംവിധായകർ സാന്നിദ്ധ്യം അറിയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
മമ്മൂട്ടിയുടെ റോഷാക്ക്, പൃഥ്വിരാജിന്റെ ഗോൾഡ്, നിവിൻ പോളിയുടെ പടവെട്ട്, കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി ചിത്രം ഒറ്ര്, ബിജുമേനോൻ ചിത്രം ഒരു തെക്കൻ തല്ലുകേസ്, ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവർ എന്നീ സിനിമകളാണ് ഒാണം റിലീസായി ഇടം പിടിച്ചിട്ടുള്ളത്. മോഹൻലാൽ, വൈശാഖ് ചിത്രം മോൺസ്റ്റർ ഒാണം റിലീസായി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മമ്മൂട്ടിയും യുവസംവിധായകരിൽ ശ്രദ്ധേയനായ നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന റോഷാക്ക് പൂർണമായി ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ്. ഭീഷ്മപർവ്വം, സി.ബി.ഐ 5 ദ് ബ്രയ്ൻ എന്നീ സൂപ്പർ ഹിറ്റുകൾക്കുശേഷം എത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ , ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദുപണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരാണ് മറ്റു താരങ്ങൾ. അതിഥി താരമായി ആസിഫ് അലിയും എത്തുന്നു. അഡ്വഞ്ചേഴ്സ് ഒഫ് ഒാമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ് തിരക്കഥ. നിമിഷ് രവിയാണ് ഛായാഗ്രഹണം. 2015 ൽ റിലീസ് ചെയ്ത പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഗോൾഡ് എന്ന ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയും ആണ് നായകനും നായികയും.
വിനയ് ഫോർട്ട്, അജ് മൽ അമീർ, അബുസലിം, സൈജുകുറുപ്പ്, ശബരീഷ് വർമ്മ, കൃഷ്ണശങ്കർ, ഷറഫുദ്ദീൻ, ദീപ്തി സതി, മല്ലിക സുകുമാരൻ, ശാന്തികൃഷ്ണ, ജഗദീഷ്, പ്രേംകുമാർ, സുരേഷ് കൃഷ്ണ, ഇടവേള ബാബു, ചെമ്പൻ വിനോദ്, റോഷൻ മാത്യു, ബാബുരാജ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും സ്റ്റണ്ടും വിഷ്വൽ ഇഫക്ട്സും അനിമേഷനും കളർഗ്രേഡിങ്ങും അൽഫോൻസ് തന്നെയാണ് നിർവഹിക്കുന്നത്. ആനന്ദ് സി. ചന്ദ്രനും വിശ്വജിത് ഒടുക്കത്തിലുമാണ് ഛായാഗ്രാഹകർ. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമ്മാതാക്കൾ.
നിവിൻപോളിയെ നായകനാക്കി സണ്ണിവയ്‌ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വയ്ൻ നിർമ്മിക്കുന്ന പടവെട്ട് നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്നു. അരുവി എന്ന ചിത്രത്തിലൂടെ തമിഴകത്തും കോൾഡ് കേസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കും എത്തിയ അദിതി ബാലൻ ആണ് നായിക. ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകരി തങ്കരാജ്, ബാലൻ പാറയ്ക്കൽ എന്നിവരാണ് മറ്റു താരങ്ങൾ. ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരെ നായകൻമാരാക്കി ടി.പി ഫെല്ലിനി തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രം ആണ് ഒറ്റ്. ഇരുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ്. കുഞ്ചാക്കോ ബോബൻ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷറോഫും പ്രധാന വേഷത്തിൽ എത്തുന്നു. തെലുങ്ക് താരം ഇൗഷ റബ ആണ് നായിക. എസ്. സജീവ് രചന നിർവഹിക്കുന്നു. വിജയ് ആണ് ഛായാഗ്രഹണം. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് നിർമ്മാണം. ബിജു മേനോൻ നായകനാവുന്ന ഒരു തെക്കൻ തല്ലു കേസ്ആണ് മറ്റൊരു ഒാണചിത്രം. ഇടവേളയ്ക്കുശേഷം പത്മപ്രിയ നായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രശസ്ത എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്നു.
മോഹൻലാൽ പൃഥ്വിരാജ് ചിത്രം ബ്രോഡാഡിയുടെ സഹ എഴുത്തുകാരൻകൂടിയാണ് ശ്രീജിത്ത്.രാജേഷ് ചിന്നാടൻ ആണ് തിരക്കഥ സംഭാഷണം. റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം മധു നീലകണ്ഠൻ, ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിൽ മോളിക്കുട്ടി എന്ന് പേരിട്ട പശു ആണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഉണ്ണിമായ പ്രസാദ്, ജയകുറുപ്പ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
വിനേയ് തോമസ് അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ് രചന. ഛായാഗ്രഹണം രണദിവൈ. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം.