
കൊളംബോ: ശ്രീലങ്കയിൽ പുതിയ സർക്കാരുണ്ടാക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുഖ്യ പ്രതിപക്ഷമായ എസ്.ജെ.ബി പാർട്ടി. അടുത്തമാസം രാജ്യത്ത് സർവകക്ഷി സർക്കാർ ഉണ്ടാക്കുമ്പോൾ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടുമെന്ന് എസ്.ജെ.ബി നേതാവ് സജിത്ത് പ്രേമദാസ പ്രസ്താവനയിൽ അറിയിച്ചു.
പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും നിയോഗിക്കാൻ പാർട്ടി തയ്യാറാണ്. ആരെങ്കിലും ഇതിനെ എതിർക്കുകയോ പാർലമെന്റിൽ അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്താൻ അത് വഞ്ചനാകരമായ നടപടിയായി കാണുമെന്ന് പ്രേമദാസ പറഞ്ഞു. രാജ്യത്ത് സ്ഥിരതയുള്ള ഭരണം നൽകാൻ കഴിയുമെന്നും സാമ്പത്തിക മേഖലയെ കരകയറ്റുമെന്നും അദ്ദേഹം പറഞ്ഞു. 2019ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച പ്രേമദാസ പരാജയപ്പെട്ടിരുന്നു.
അതേസമയം ഐ.എം.എഫുമായി ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ റെനിൽ വിക്രമസിംഗെ പ്രസിഡന്റാകുന്നതാണ് നല്ലതെന്ന അഭിപ്രായവും മറ്റു പ്രതിപക്ഷ പാർട്ടികളിലുണ്ട്
അതേസമയം കൊളംബോയിൽ പിടിച്ചെടുത്ത ഔദ്യോഗിക വസതികളിൽ പ്രക്ഷോഭകർ മൂന്നാംദിവസവും തുടരുകയാണ്. പ്രസിഡന്റ് ഗോതബയ രാജപക്സെ ഒരു അയൽരാജ്യത്താണ് ഉള്ളതെന്ന് സ്പീക്കർ ഒരഭിമുഖത്തിൽ പറഞ്ഞത് വിവാദമായി. പിന്നാലെ പ്രസ്താവന തിരുത്തിയ സ്പീക്കർ മഹിന്ദ അബീയവധന പ്രസിഡന്റ് രാജ്യത്ത് തന്നെ ഉണ്ടെന്ന് വ്യക്തമാക്കി. .അതേസമയം ഗോതബയ പുറങ്കടലിൽ കപ്പലിൽ തെന്നെ കഴിയുകയാണ് എന്നാണ് ലങ്കൻ മാധ്യമങ്ങൾ പറയുന്നത്.