kk

കൊച്ചി​: മുൻ ഡി.ജി.പി ആർ. ശ്രീലേഖയും നടൻ ദിലീപും തമ്മിലുള്ളതെന്ന് പറയുന്ന വാട്‌സ് ആപ്പ് ചാറ്റുകൾ പുറത്ത്. റിപ്പോർട്ടർ ചാനലാണ് ചാറ്റുകൾ പുറത്തുവിട്ടത്. ഏതാനും മാസം മുൻപ് മുംബയ് ഫോറൻസിക് ലാബിൽ ദിലീപിന്റെ ഫോണുകളുടെ മിറർ ഇമേജ് എടുത്തപ്പോൾ ലഭിച്ചതാണിത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയല്ലെന്ന ശ്രീലേഖയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ്

ഇവര്‍ തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. 2021ലെ വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 മേയ് അഞ്ചുമുതല്‍ ജൂലായ് 1വരെ, വിവിധ ദിവസങ്ങളില്‍ ഇവര്‍ വാട്‌സ്ആപ്പിലൂടെ സംസാരിച്ചിട്ടുള്ളതായി വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാണ്.

2021മേയ് 23ന് രാവി​ലെ 10.22ന് ദി​ലീപ് ശ്രീലേഖയ്ക്ക് അയച്ച മെസേജി​ൽ '' മാഡം,സുഖമെന്ന് കരുതുന്നു, ഞാൻ ദി​ലീപാണ്... നടൻ'' എന്നു പറയുന്നു. ഉച്ചയ്ക്ക് 2.12ന് വീണ്ടും വി​ളി​ച്ചി​രുന്നു. ''ഫ്രീയാകുമ്പോൾ ഒന്ന് തി​രിച്ചുവി​ളി​ക്കണേ'' എന്ന് മെസേജും അയച്ചു.ദിലിപീനോട് സംസാരിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തുന്ന മെസ്സേജ് ശ്രീലേഖ തിരിച്ചയച്ചിട്ടുണ്ട്.'സംസാരിക്കാന്‍ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായ്' എന്ന് ദിലീപ് ഇതിന് മറുപടി നല്‍കിയിരിക്കുന്നു. 3.39ന് ശ്രീലേഖ മറുപടി​യായി​ യൂട്യൂബ് ചാനലി​ന്റെ ലി​ങ്ക് അയച്ചു. സമയം കി​ട്ടുമ്പോൾ കണ്ടുനോക്കണമെന്നും പറയുന്നുണ്ട്. 3.41ന് തന്നെ ദി​ലീപി​ന്റെ മറുപടി​: തീർച്ചയായും മാഡം.

യൂ ട്യൂബ് ചാനൽ തുടങ്ങി​യ വി​വരം 2021ജൂലായ് ഒന്നി​ന് വീണ്ടും മെസേജ് ആയി​ ശ്രീലേഖ അറി​യി​ക്കുന്നുണ്ട്. ''ഇതെന്റെ സ്വന്തം യൂ ട്യൂബ് ചാനലാണ്. ഷെയറും സബ്സ്ക്രൈബും ചെയ്യണം. ഞാൻ ഒറ്റയ്ക്ക് ചെയ്യുന്നതാണ് ' എന്നാണ് ശ്രീലേഖയുടെ മെസേജ്.

കേസില്‍ ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നുമാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ദിലീപിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പുതിയ കേസ് എടുത്തത്. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.