
തൃശൂർ: കേരളത്തിലെ നാട്ടാനകളിൽ പ്രധാനിയും ഉത്സവപറമ്പുകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു.തൃശൂർ പൂരത്തിലെ പ്രധാന ദേവസ്വങ്ങളിലൊന്നായ പാറമേക്കാവ് വിഭാഗത്തിന്റെ മുഖ്യ ആനയായിരുന്നു പത്മനാഭൻ. ഏതാണ്ട് ഒന്നര പതിറ്റാണ്ട് കാലം പത്മനാഭൻ പൂരത്തിന് തിടമ്പേറ്റി.
പത്തടിയോളം ഉയരവും ഒത്ത ശരീരവും തലയെടുത്ത് നിൽക്കുന്ന പ്രകൃതവും ശാന്തമായ സ്വഭാവവുമായിരുന്നു പത്മനാഭന്റെത്. ജന്മംകൊണ്ട് ബീഹാറിയായ പത്മനാഭൻ 2005ലാണ് പാറമേക്കാവിന് സ്വന്തമായത്. കേരളത്തിലെത്തി ദിവസങ്ങൾക്കകം തന്നെ എഴുന്നളളിക്കാൻ കഴിഞ്ഞത്ര സ്വഭാവഗുണം പത്മനാഭനുണ്ടായിരുന്നു. നന്തിലത്ത് ഗ്രൂപ്പിൽ നിന്നാണ് പാറമേക്കാവിൽ എത്തുന്നത്. പാറമേക്കാവിന്റെ പകൽപൂരത്തിനും കുടമാറ്റമുൾപ്പടെ ചടങ്ങുകൾക്കും പത്മനാഭനാണ് തിടമ്പേറ്റിയിരുന്നത്. കൊമ്പൻ പാറമേക്കാവ് ശ്രീ പരമേശ്വരൻ ചരിഞ്ഞതിനെ തുടർന്നാണ് പത്മനാഭൻ പാറമേക്കാവിന്റെ പ്രധാന ആനയായത്. നാടിന്റെയും ആനപ്രേമികളുടെയും പ്രിയങ്കരനായിരുന്നു പത്മനാഭൻ.
കഴിഞ്ഞ ഒരാഴ്‌ചയായി തളർച്ചയെ തുടർന്ന് ചികിത്സയിലായിരുന്ന കൊമ്പൻ അൽപം മുൻപ് തളർന്ന് വീണ് ചെരിയുകയായിരുന്നു. പാടൂക്കാട് ആനപ്പറമ്പിലാണ് പത്മനാഭന്റെ പൊതുദർശനം. ഇതിനുശേഷം നാളെ കോടനാടാണ് സംസ്‌കാരം.