
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി തന്റെ യൂട്യൂബ് ചാനലിലൂടെ മുൻ ഡി ജി പി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വിവാദമായിരിക്കുകയാണ്. ഇതിനുപിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിരിക്കുകയാണ്.
റിപ്പോർട്ടർ ചാനലാണ് ഇന്നലെ രാത്രി വാട്സാപ്പ് ചാറ്റുകൾ പുറത്തുവിട്ടത് (മുംബയ് ഫോറൻസിക് ലാബിൽ ദിലീപിന്റെ ഫോണുകളുടെ മിറർ ഇമേജ് എടുത്തപ്പോൾ ലഭിച്ചതാണിത് ). 2021മേയ് 23ന് രാവിലെ 10.22നാണ് ദിലീപ് ശ്രീലേഖയ്ക്ക് ആദ്യം മെസേജ് അയച്ചത്.
വാട്സാപ്പ് ചാറ്റ്
'' മാഡം, സുഖമെന്ന് കരുതുന്നു, ഞാൻ ദിലീപാണ്... നടൻ'' എന്നു പറയുന്നു. ഉച്ചയ്ക്ക് 2.12ന് വീണ്ടും വിളിച്ചിരുന്നു. ''ഫ്രീയാകുമ്പോൾ ഒന്ന് തിരിച്ചുവിളിക്കണേ"" എന്ന് മെസേജും അയച്ചു. 3.39ന് ശ്രീലേഖ മറുപടിയായി യൂട്യൂബ് ചാനലിന്റെ ലിങ്ക് അയച്ചു. സമയം കിട്ടുമ്പോൾ കണ്ടുനോക്കണമെന്നും പറയുന്നുണ്ട്. 3.41ന് തന്നെ ദിലീപിന്റെ മറുപടി: തീർച്ചയായും മാഡം. യൂ ട്യൂബ് ചാനൽ തുടങ്ങിയ വിവരം 2021ജൂലായ് ഒന്നിന് വീണ്ടും മെസേജ് ആയി ശ്രീലേഖ അറിയിക്കുന്നുണ്ട്. ''ഇതെന്റെ സ്വന്തം യൂ ട്യൂബ് ചാനലാണ്. ഷെയറും സബ്സ്ക്രൈബും ചെയ്യണം.""