johnson-

തിരുവനന്തപുരം: കുട്ടിക്കാലത്ത് കാലുകളുടെ ശേഷി പോളിയോ കവർന്നതോടെ കൈകൾ കൂടി മണ്ണിൽ കുത്തി നടക്കേണ്ടിവന്ന ജോൺസൺ ആന്റണി മനക്കരുത്തും കഠിനാദ്ധ്വാനവും കൊണ്ട് ജീവിതം വെട്ടിപ്പിടിച്ചപ്പോൾ, കളത്തിൽ നിറഞ്ഞത് പശുക്കളും ആടുകളും കോഴികളും പിന്നെ, ട്യൂഷനെത്തുന്ന നിരവധി കുട്ടികളും.

കൊല്ലം തൃക്കടവൂർ കുരീപ്പുഴ കിണർവിള വീട്ടിൽ ജോൺസൺ ആന്റണി ആരുടെയും ദയാവായ്പിന് കൈനീട്ടയിട്ടില്ല.

പതിന്നാലാം വയസിൽ കോഴി വളർത്തലിലൂടെ സ്വന്തം വഴി കണ്ടെത്തി. ബി.കോം ബിരുദം നേടിയതോടെ ട്യൂഷനെടുക്കാനും തുടങ്ങി. അതിൽ നിന്നുള്ള വരുമാനം കൊണ്ട് ആദ്യം ആടുകളെയും പിന്നെ പശുക്കളെയും വാങ്ങി. ഇപ്പോൾ പ്രായം 45.

കുറുന്താലി,കരിയില കോഴി, മുള്ളൻ ,കുള്ളൻ,വയനാടൻ നാടൻ,കാപ്പിരി തുടങ്ങി 26 ഇനങ്ങളിലുള്ള വളർത്തുകോഴികളുണ്ട്. വിശേഷ ഇനത്തിൽപ്പെട്ട ആറ് പശുക്കൾ. ഇതിനു പുറമേയാണ് മലബാറി ആടുകൾ. കോഴിക്കുഞ്ഞുങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ വിരിയിച്ച് വിൽക്കുന്നതാണ് പ്രധാന വരുമാനമാർഗ്ഗം. കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനായി തമിഴ്നാട്ടിൽ നിന്നു സ്ഥിരമായി ആൾക്കാർ എത്താറുണ്ട്. ഇങ്ങനെ ലഭിച്ച സമ്പാദ്യം കൊണ്ട് ഏഴര സെന്റ് സ്ഥലത്ത് സ്വന്തമായി വീടുവച്ചു.

പശുക്കളെയും ആടിനെയും കറക്കുന്നതും പാൽക്കച്ചവടം നടത്തുന്നതും മറ്റാരുമല്ല. വെച്ചൂർ പോലെ വിശേഷ ഇനത്തിൽപ്പെട്ട പശുവാണെങ്കിലും സാധാരണ പാലിന്റെ വിലയ്ക്കാണ് വിൽക്കുന്നത്. ഒരു കൈ കൊണ്ട് പശുവിനെ മേച്ചും മറുകൈ കൊണ്ട് സ്‌കൂട്ടറിന്റെ ആക്സിലേറ്റർ നിയന്ത്രിച്ചും യാത്ര തുടരുകയാണ് ജോൺസൺ.

ഇപ്പോൾ ആറുമാസത്തേക്ക് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നിന്നു തൃക്കടവൂർ വില്ലേജ് ഓഫീസിൽ താല്കാലിക ജോലി ലഭിച്ചെങ്കിലും പതിവുപോലെ എല്ലാ ജോലിയും സ്വയം ചെയ്യും.ഭാര്യ റിയയും പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൾ നികിതയും സഹായത്തിനുണ്ട്. 2018: സംസ്ഥാന സർക്കാരിന്റെ യൂത്ത് ഐക്കൺ അവാർഡ് കിട്ടി

കോഴികൾ:

26 ഇനം

ആടുകൾ:

മലബാറി

പശുക്കൾ:

വെച്ചൂർ,

കാസർകോട് കുള്ളൻ

പൂക്കണിയൂർ ക്രോസ്

പ്രതിദിന ശരാശരി വരുമാനം

1000 രൂപ

ഒരു പശുവിന് മുടക്കിയ തുക

50000 രൂപ

ചെറിയ മുടക്കുമുതലിൽ തുടങ്ങി കാര്യങ്ങൾ പഠിച്ചശേഷം വിപുലീകരിച്ചതിനാൽ നഷ്ടമുണ്ടായിട്ടില്ല.

ജോൺസൺ ആന്റണി