kerala-lottery-

കൊച്ചി: സർക്കാർ സമ്മതം മൂളിയാൽ, ഇക്കുറി ഓണം ബമ്പർ അടിക്കുന്ന ഭാഗ്യവാന് കിട്ടുക 25 കോടിയുടെ സമ്മാനം. ലോട്ടറി വകുപ്പിന്റെ ഈ ശുപാർശയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമാണിത്. 500 രൂപയായിരിക്കും ടിക്കറ്റ് വില; ഇതും റെക്കാഡാണ്.

രണ്ടാം സമ്മാനം അഞ്ചു കോടി രൂപ; മൂന്നാം സമ്മാനമായി 10 പേർക്ക് ഒരു കോടി രൂപവീതം എന്നിങ്ങനെയും ശുപാർശയുണ്ട്. സമ്മാനത്തുകയും ടിക്കറ്റ് വിലയും സംബന്ധിച്ച് സർക്കാർ തീരുമാനം വന്നാലുടൻ വില്പന ആരംഭിക്കും. കഴിഞ്ഞ മൂന്നു വർഷമായി 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും.

വൻതുക സമ്മാനമായി ലഭിക്കുന്നതിനാൽ ഭാഗ്യക്കുറിയുടെ സ്വീകാര്യത വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഉയർന്ന ടിക്കറ്റ് വില വില്പനയെ ബാധിച്ചേക്കുമെന്ന ആശങ്ക ഏജന്റുമാർക്കുണ്ട്.

പ്രഖ്യാപനം 17ന്

ഈമാസം 17ന് മൺസൂൺ ബമ്പർ നറുക്കെടുപ്പാണ്. അന്ന് ഓണം ബമ്പർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. രണ്ടു മാസത്തെ വില്പനയ്ക്കുശേഷം ഓണം കഴിഞ്ഞാണ് നറുക്കെടുപ്പ്. സമ്മാന വിതരണം വേഗത്തിലാക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

ചെറിയ സമ്മാനങ്ങൾ ലഭിച്ച ലോട്ടറിയുടെ കളർ ഫോട്ടോ കോപ്പി നൽകി ഏജന്റുമാരെ പറ്റിക്കുന്നത് തടയാൻ ഫ്ളൂറസെന്റ് നിറവും കറൻസിയിലേതു പോലെ സുരക്ഷാ കോഡുകളും ടിക്കറ്റിൽ പതിക്കുന്നതും ആലോചനയിലാണ്.. സർക്കാർ തീരുമാനം കാക്കുകയാണെന്ന് ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ പറഞ്ഞു