കടുവ സിനിമയിൽ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന തരത്തിലുള്ള സംഭാഷണത്തിൽ മാപ്പ് പറഞ്ഞ് പൃഥ്വിരാജ്. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, തന്റെ ഭാഗത്ത് നിന്ന് മനുഷ്യസഹജമായ തെറ്റുകൾ ഇനിയും സംഭവിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഇനിയും ഒരിക്കലും എന്റെ ജീവിതത്തിലൊരു തെറ്റ് സംഭവിക്കില്ലെന്ന് പറയാൻ മാത്രം മഹത്‌വ്യക്തിയൊന്നുമല്ല ഞാൻ. എന്റെ വ്യക്തിത്വം എങ്ങനെയുള്ളതാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ശരികൾ,തെറ്റുകൾ, നിലപാടുകൾ...അതിലൂടെയൊക്കെ ജീവിച്ചുപോകുന്നയാളാണ് ഞാൻ. കുര്യച്ചൻ അത് പറയരുതായിരുന്നു എന്നായിരുന്നു സിനിമയിലെയും ഞങ്ങളുടെ കാഴ്ചപ്പാട്. ആ കഥാപാത്രത്തിന് തോന്നുന്നത് മറ്റ് ഭിന്നശേഷിയുള്ളവരുടെ മാതാപിതാക്കൾക്കും തോന്നിയേക്കാം എന്ന് ഞങ്ങൾക്ക് തോന്നിയില്ല. അതാണ് ഞങ്ങൾ ചെയ്ത തെറ്റ്.:- പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, വിജയ് ബാബു വിഷയത്തിൽ താരസംഘടന 'അമ്മ' യുടെ സമീപനത്തെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ചും പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കി. 'ഞാൻ ആ യോഗത്തിൽ പോയിട്ടില്ല. വിജയ് അവിടെ പോകാൻ പാടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയാൻ, സംഘടനയുടെ പ്രവർത്തന രീതിയെക്കുറിച്ച് ആധികാരികമായിട്ട് എനിക്ക് അറിവില്ല. രജിസ്‌ട്രേഷൻ ഒരു ചാരിറ്റബിൾ ട്രസ്റ്റായിട്ടല്ലേ.
പിന്നെ ആക്രമിക്കപ്പെട്ട നടി എന്റെ സുഹൃത്താണ്. ഞാൻ ഒരുപാട് സിനിമകൾ കൂടെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് എനിക്ക് ഫസ്റ്റ് പേഴ്സൺ ഇൻഫർമേഷൻ ഉണ്ട്. അതുകൊണ്ട് എനിക്ക് പറയാൻ പറ്റും ഞാൻ അവളെ സപ്പോർട്ട് ചെയ്യുന്നെന്ന്. പക്ഷേ മറ്റേ വിഷയം എനിക്കറിയില്ല. നിങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുള്ള വിവരങ്ങളേ എനിക്കും അറിയൂ. അതിനാൽ ഇതിനെക്കുറിച്ച് പ്രതികരണം നടത്താനില്ല.'- പൃഥ്വിരാജ് പറഞ്ഞു.