
കൊളംബോ : ശ്രീലങ്കയെ സാമ്പത്തികമായി തകർത്തതിൽ മുഖ്യ പങ്ക് വഹിച്ച മഹിന്ദ രാജപക്‌സെയുടെ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്‌സെയെ തടഞ്ഞ് പ്രതിഷേധക്കാർ. വിമാനത്തിൽ ദുബായിലേക്ക് കടക്കാനായിരുന്നു മുൻമന്ത്രിയുടെ പദ്ധതി. എന്നാൽ ഇദ്ദേഹത്തെ വിമാനത്തിൽ കയറാൻ വിമാനത്താവള ജീവനക്കാരും യാത്രക്കാരും അനുവദിച്ചില്ല. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.
രാജ്യം വിടാനായി വിമാനത്താവളത്തിൽ മുൻ ധനമന്ത്രി ബേസിൽ രാജപക്‌സെ രഹസ്യമായി എത്തിയതോടെ വിമാനത്താവളത്തിലെ എമിഗ്രേഷൻ ജീവനക്കാർ ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധം ആരംഭിക്കുകയും മുദ്രാവാക്യം വിളികളുയരുകയും ചെയ്തു.
വിമാനത്താവളത്തിലെത്തിയ യാത്രക്കാർ കൂടി പ്രതിഷേധത്തിൽ പങ്കെടുത്തതോടെ ബേസിലിന് തലതാഴ്ത്തി മടങ്ങേണ്ടി വന്നു. രാജപക്‌സെ കുടുംബത്തിനെതിരെ ശ്രീലങ്കയിൽ വൻ ജനരോഷമാണ് നിലനിൽക്കുന്നത്.
അതേസമയം ജനരോഷത്തിന് പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്നും പലായനം ചെയ്ത പ്രസിഡന്റ് ഗോതബയ രാജപക്‌സെ എവിടെയാണെന്ന്തിന് ഇനിയും സ്ഥിരീകരണമില്ല. നാളെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ഇപ്പോഴും ഗോതബയയുടെ ഔദ്യോഗിക വസതിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. 1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്.