sathidevi

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി സംസാരിച്ച മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശം ഉചിതമായില്ലെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതിദേവീ. വിരമിച്ച ശേഷമുള്ള പ്രതികരണം ദുരൂഹമാണെന്നും അന്വേഷണ ഏജൻസികൾ ഇത് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ആരെ സഹായിക്കാനാണ് ഇത്തരം പ്രസ്താവനകളെന്ന് ആശങ്കയുണ്ട്. ഉന്നത പദവിയിലിരിക്കുന്ന ആൾക്ക് യോജിക്കാത്ത പരാമർശങ്ങളാണ്. അതിജീവിതയ്‌ക്ക് നീതി ലഭിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ വിവാദ പരാമർശങ്ങൾ നടത്തിയത്. കേസിൽ ദിലീപിനെതിരെ തെളിവില്ലാത്തതിനാലാണ് ഗൂഢാലോചന കേസ് ഉയർന്നുവന്നതെന്നും പൊലീസ് ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്നും അവർ ആരോപിച്ചു.

ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണം ശരിയായി നടക്കാത്തതിനാലാണ് സാക്ഷികൾ കൂറുമാറാൻ കാരണം. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണ്.

ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാദ്ധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാദ്ധ്യമങ്ങളുടെ വലിയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നുമാണ് ശ്രീലേഖയുടെ ആരോപണം. അതേസമയം,​ ശ്രീലേഖയ്‌ക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ് പ്രോസിക്യൂഷൻ. വിസ്‌താരം നടക്കുന്ന കേസിലെ പ്രതി നിരപരാധിയെന്ന് പറഞ്ഞതിനെ മുൻനിർത്തിയാകും നടപടി.