onion-

കൊളംബോ : ഇടയ്ക്കിടെ കരയിപ്പിക്കുമെങ്കിലും കേരളത്തിന്റെ നിരത്തുകളിൽ ഇപ്പോഴും നൂറ് രൂപയ്ക്ക് അഞ്ച് കിലോ സവാള ലഭിക്കും. എന്നാൽ നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ ഇതല്ല അവസ്ഥ ഒരു കിലോ സവാളയ്ക്ക് കൊടുക്കണം ഇരുന്നൂറ് രൂപ(ശ്രീലങ്കൻ രൂപ). ശ്രീലങ്കൻ കറൻസിയുടെ മൂല്യം മൂക്കും കുത്തി വീണതോടെയാണ് അവശ്യ സാധനങ്ങളുടെ വില റോക്കറ്റിലേറിയത്. സവാള മാത്രമല്ല ഒരു കിലോ ഉരുളക്കിഴങ്ങിനും കൊടുക്കണം 220 രൂപ. തക്കാളി കിലോയ്ക്ക് 150 രൂപയാണ് വില. പണപ്പെരുമാണ് സാധനങ്ങളുടെ വില കുത്തനെ കൂട്ടിയത്. മിക്ക പച്ചക്കറി വിലകളും ഇരട്ടിയിലധികമാണ്. ശ്രീലങ്കയുടെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മാസം 54.6 ശതമാനമായിരുന്നു.

സാമ്പത്തിക തകർച്ചയുടെ തുടക്കത്തിൽ കിലോഗ്രാമിന് 145 രൂപയുണ്ടായിരുന്ന അരിയുടെ വില ഇപ്പോൾ 230 രൂപയായി ഉയർന്നു. 1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ദ്വീപ് രാഷ്ട്രം. ഉദ്ദേശം 2.2 കോടി ജനങ്ങളാണ് ദ്വീപ് രാഷ്ട്രത്തിലുള്ളത്. വിദേശനാണ്യ ക്ഷാമം രൂക്ഷമായതോടെ ഇന്ധനം, വളം, ഭക്ഷണം, മരുന്ന് എന്നിവയുടെ സ്‌റ്റോക്കും കുറയുകയാണ്.

കൊവിഡിന് പിന്നാലെ ടൂറിസം മേഖലയിലുണ്ടായ തളർച്ചയാണ് ശ്രീലങ്കയ്ക്ക് ശാപമായി മാറിയത്. ഇതിന് പുറമേ ഭരണാധികാരികളുടെ അനാവശ്യ കടമെടുപ്പും പ്രതിസന്ധിയുടെ ആക്കം കൂട്ടി. രാസവളങ്ങളുടെ ഇറക്കുമതി നിരോധനം കാരണം കൃഷി തകർന്നതോടെ ഉത്പാദനം കുറയുകയും ഭക്ഷ്യ വസ്തുക്കളുടെ വില കത്തിക്കയറുകയും ചെയ്തു. ഭക്ഷ്യവില കുതിച്ചുയർന്നതോടെ രാജ്യത്തെ 70 ശതമാനം വീടുകളും ഇപ്പോൾ ഭക്ഷ്യ ഉപഭോഗം കുറഞ്ഞതായി യുനിസെഫ് റിപ്പോർട്ട് ചെയ്യുന്നു.