airbus-beluga

ചെന്നൈ : ആകാശത്തിലെ പറക്കും തിമിംഗലം എന്ന വിശേഷണമുള്ള എയർബസ് ബെലുഗ ചരക്ക് വിമാനം ആദ്യമായി ദക്ഷിണേന്ത്യയിൽ ലാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഭീമൻ ചരക്ക് വിമാനം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്തത്. ഇന്ധനം നിറയ്ക്കുന്നതിനും ജീവനക്കാരുടെ വിശ്രമത്തിനും വേണ്ടിയാണ് ഭീമനെ ചെന്നൈയിൽ ഇറക്കിയത്. ഇന്ന് പുലർച്ചെ 1.25ന് വിമാനം ചെന്നൈയിൽ നിന്നും പുറപ്പെട്ടു.


ജൂലായ് ഏഴിന് ഫ്രാൻസിലെ ടൗളൂസിൽ നിന്ന് പറന്ന് ഉയർന്ന വിമാനം അവിടെ നിന്ന് മാർസെയിൽ, കെയ്‌റോ, അബുദാബി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ചരക്കുകൾ വഹിച്ച് എത്തിച്ച ശേഷമാണ് ചെന്നൈയിൽ ഇറങ്ങിയത്.

The elegant whale is here and with such awesomeness!
The mighty #Beluga No.2 (A300-608ST) landed at Chennai Airport for the first time, today. The cargo transporter is a rare vistor in this part of the world and a marvel to behold. @AAI_Official @MoCA_GoI @pibchennai pic.twitter.com/ZAFkb15AzQ

— Chennai (MAA) Airport (@aaichnairport) July 11, 2022


മനോഹരമായ ഡിസൈൻ കൊണ്ടാണ് എയർബസ് ബെലുഗ കാഴ്ചയിൽ വ്യത്യസ്തനാകുന്നത്. കരുത്തുറ്റ എയർബസ് ബെലുഗയ്ക്ക് 56.16 മീറ്റർ നീളവും 17.25 മീറ്റർ ഉയരവും 7.7 മീറ്റർ വീതിയും ഉണ്ട്. ബെലുഗയ്ക്ക് പരമാവധി പേലോഡ് ശേഷി ഏകദേശം 40 ടൺ ആണ്. പരമാവധി ടേക്ക് ഓഫ് ഭാരം 155 ടണ്ണുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വലിയ യന്ത്രങ്ങൾ, ചെറു വിമാനങ്ങൾ, വാഹനങ്ങൾ എന്നിവ അതിവേഗം എത്തിക്കുവാനാണ് സാധാരണയായി ഈ ചരക്ക് വിമാനം ഉപയോഗിക്കുന്നത്.