നടനായും തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മധുപാൽ. അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഓസ്ട്രേലിയ എന്ന ചിത്രത്തിലും മധുപാൽ അസി. ഡയറക്ടറായിട്ട് വർക്ക് ചെയ്തിട്ടുണ്ട്. നല്ലൊരു കഥയായിട്ടും ആ ചിത്രം പക്ഷേ പല കാരണങ്ങൾ കൊണ്ടും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറയുന്നു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ നിന്ന്....
' യമനം ചിത്രത്തിലൂടെയാണ് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിട്ട് തുടങ്ങുന്നത്. അത് കഴിഞ്ഞ് രാജീവ് അഞ്ചലിന്റെ കൂടെ ഒരു ചിത്രത്തിൽ വർക്ക് ചെയ്തിരുന്നു. ആ സിനിമയിലാണ് ഞാൻ ലാലേട്ടനെ ആദ്യമായി കാണുന്നത്. അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഞാൻ. ലാലേട്ടൻ ഭയങ്കര ലവിംഗാണ്. സെറ്റിലെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കും. 'ബട്ടർഫ്ലൈസി'ൽ എത്തുമ്പോഴേക്കും കുറേക്കൂടി അടുപ്പമുണ്ടാകുന്നു.
പി ബാലചന്ദ്രനായിരുന്നു ഓസ്ട്രേലിയയുടെ തിരക്കഥ ചെയ്തത്. കാർ റേസ് നടത്തുന്ന ഒരാളുടെ കഥയാണ്. മോഹൻലാലായിരുന്നു ഓസ്‌ട്രേലിയയിലെ നായകൻ. ആ സിനിമയുടെ ഒരുപാട് ഭാഗങ്ങൾ ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. റേസ് കാർ ഉണ്ടാക്കുന്നതും അതുണ്ടാക്കുന്ന വർക്ക് ഷോപ്പിൽ നിൽക്കുന്ന ഒരാളുമായും ബന്ധപ്പെട്ടായിരുന്നു സിനിമയുടെ കഥ. അതിനുമുൻപ് തന്നെ എം ആർ എഫിന്റെ ഒറിജിനൽ കാർ റേസ് ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു.
മൂന്ന് ദിവസത്തോളമാണ് അത് ഷൂട്ട് ചെയ്തത്. അതിനു ശേഷമാണ് കാർ ഉണ്ടാക്കുന്ന രംഗങ്ങളൊക്കെ എടുക്കുന്നത്. ഒരു ആക്സിഡന്റിൽ അദ്ദേഹത്തിന്റെ മുഖം പൊള്ളി നാശമാകുകയും തിരിച്ചറിയപ്പെടാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നുണ്ട്.
ഇത് ഷൂട്ട് ചെയ്തതിനു ശേഷമാണ് വളരെ ഡീറ്റൈലായിട്ട് സ്ക്രീൻ പ്ലേ ചെയ്യുന്നതും കഥക്കൊപ്പമുണ്ടായിരുന്ന സീക്വൻസുകൾ റീ വർക്ക് ചെയ്യുന്നതും. പക്ഷേ, പിന്നിൽ പ്രവർത്തിച്ചവർക്ക് ആ സ്ക്രീൻ പ്ലേ ഇഷ്ടപ്പെടാതെ വന്നു. അതിനെ തുടർന്ന് സിനിമ വേണോ വേണ്ടേ എന്ന തരത്തിൽ കുറേ ചർച്ചകൾ നടന്നു. അങ്ങനെയാണ് ആ സിനിമ വേണ്ടെന്ന് വയ്‌ക്കുന്നത്.’ മധുപാൽ പറഞ്ഞു.
