
തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തിൽ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ലോകകാര്യങ്ങൾ നോക്കേണ്ട കേന്ദ്ര മന്ത്രി ഫ്‌ളൈഓവർ കാണാൻ വന്നതെന്തിനെന്നാണ് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചത്. തലസ്ഥാന ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ ബി ജെ പിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏൽപിച്ചുവെന്നാണ് കേൾക്കുന്നത്. കഴക്കൂട്ടത്തെ ഫ്‌ളൈ ഓവർ കാണാൻ കേന്ദ്രമന്ത്രി വന്നത് എന്തിനാണ് മനസിലാകും എന്നും പിണറായി പറഞ്ഞു. ബി ജെ പി നേതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം ഫ്‌ളൈഓവർ നിർമ്മാണ പുരോഗതിയും കേന്ദ്രമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു. ഇതിനെ പരാമർശിച്ചു കൊണ്ട് ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലർ വരുന്നതായും മുഖ്യൻ പരിഹസിച്ചു. കേശവദാസപുരം കെഎസ്എസ്പിയു ഹാളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് അതേ നാണയത്തിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മറുപടി നൽകിയതോടെ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിയുടെ തലസ്ഥാന സന്ദർശനത്തിൽ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നായിരുന്നു മുരളീധരന്റെ ചോദ്യം. വിദേശകാര്യമന്ത്രി എന്നാൽ സ്ഥിരമായി വിദേശത്ത് താമസിക്കുന്ന മന്ത്രിയല്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം ധാരണ മുഖ്യമന്ത്രിയോടു മാറ്റാനും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ഫ്‌ളൈ ഓവറിന്റെ നിർമാണ പുരോഗതി ജയ്ശങ്കർ വിലയിരുത്തിയത്. ഫ്‌ളൈ ഓവർ സന്ദർശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രദീപ്കുമാർ, റീജണൽ ഓഫീസർ ബി.എൽ.മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായാണ് 2.7 കിലോമീറ്റർ ദൂരമുള്ള ഫ്‌ളൈ ഓവർ നിർമിക്കുന്നത്. ഫ്‌ളൈ ഓവർ പൂർത്തിയാകുന്നതോടെ ദേശീയപാതയിൽ കഴക്കൂട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകും. 90 ശതമാനവും പണി പൂർത്തിയായ ഫ്‌ളൈ ഓവർ ഉടൻതന്നെ ഗതാഗതത്തിനു തുറന്നുകൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
ടെക്‌നോപാർക്ക് ഭാഗത്ത് അപ്രോച്ച് റോഡിന്റെ പണി അവസാനഘട്ടത്തിലാണ്. ചന്തവിളഭാഗത്ത് അപ്രോച്ച് റോഡിന്റെ പണിയാണ് ഇപ്പോൾ നടക്കുന്നത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, നേതാക്കളായ ശിവൻകുട്ടി, എസ്.സുരേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.ഇന്ന് വൈകിട്ട് നാലിന്
മന്ത്രി ജയശങ്കർ പത്രസമ്മേളനവും നടത്തുന്നുണ്ട്. മുഖ്യന്റെ പരാമർശങ്ങൾക്ക് അദ്ദേഹം മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.