rahul-gandhi-

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ വിദേശയാത്ര വീണ്ടും ചർച്ചയായി. ഗോവയിൽ പാർട്ടി പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിക്കുമ്പോഴാണ് രാഹുലിന്റെ അഭാവം ചർച്ചയാവുന്നത്. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വിദേശത്തേക്ക് തിരിച്ചു വെന്നും. ഇനി ജൂലായ് 17 മാത്രമേ മടങ്ങി എത്തുകയുള്ളു എന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വയനാട് എം പിയുടെ യാത്ര എവിടേയ്ക്കാണ് എന്ന് ഇപ്പോഴും അജ്ഞാതമാണ്.

കോൺഗ്രസ് പാർട്ടിയുടെ ഗോവ ഘടകം പിളർപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലാണ് രാഹുലിന്റെ വിദേശ സന്ദർശനം. യാത്ര എന്താവശ്യത്തിനാണെന്നും വിശദീകരിക്കാൻ പാർട്ടി തയ്യാറായിട്ടില്ല. അതേസമയം ഗോവയിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ വിമത നേതാക്കൾക്കെതിരെ ശക്തമായ നടപടിയിലേക്ക് കോൺഗ്രസ് നീങ്ങുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മൈക്കിൾ ലോബോയെ നീക്കിയത് ഇതിന്റെ ഭാഗമായാണ്. സംസ്ഥാനത്തെ സ്ഥിതി നിരീക്ഷിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന് നിർദ്ദേശം നൽകി. ഗോവയിലെ കോൺഗ്രസ് എംഎൽഎമാർക്ക് വൻ തുക വാഗ്ദ്ധാനം ചെയ്ത് പിളർപ്പുണ്ടാക്കാനാണ് ബി ജെ പി ശ്രമമെന്നാണ് കോൺഗ്രസ് ആരോപണം.

ഇതിന് മുൻപും പാർട്ടി പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ രാഹുലിന്റെ അഭാവം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മേയ് മാസം രാഹുൽ ഒരു നിശാക്ലബിലെ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ വൈറലായിരുന്നു. പിന്നീട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുത്ത വീഡിയോ ആണതെന്നായിരുന്നു നേതാക്കൾ വിശദീകരിച്ചത്.