sukumar

കാക്കനാട്: നവതി ആഘോഷിക്കുന്ന കാർട്ടൂണിസ്റ്റ് സുകുമാറിനെ "കൈപ്പുണ്യം" ഫുഡ്‌സ് പൊന്നാട അണിയിച്ച് ആദരിച്ചു. പാലച്ചുവടിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു ആദരിച്ചത്. മുൻ കേന്ദ്ര മന്ത്രി പ്രൊഫസർ കെ വി തോമസും കൈപ്പുണ്യം ഫുഡ്സിൻ്റെ പ്രവർത്തകരും ആശംസകൾ നേർന്നു. വനിതകളുടെ മുഖ്യ പങ്കാളിത്തത്തിൽ എറണാകുളം ജില്ലയിലെ കാക്കനാട് പ്രവർത്തനമാരംഭിക്കുന്ന ഭക്ഷ്യ ഉൽപാദന-വിതരണ ശൃംഖലയാണ് "കൈപ്പുണ്യം" ഫുഡ്‌സ്.

കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന തനതായ നാടൻ വിഭവങ്ങളോടൊപ്പം നാട്ടിൽ നിന്നും നാവിൽ നിന്നും അന്യം നിന്നു പോകുന്നതും കൊതിയൂറുന്നതുമായ ഒട്ടേറെ വിഭവങ്ങൾ പുതുതലമുറയ്ക്ക് കൂടെ ഇഷ്ടപ്പെടും വിധത്തിൽ തയാറാക്കാനൊരുങ്ങുകയാണ് കൈപ്പുണ്യമുള്ള വനിതകളുടെ കൂട്ടായ്മയായ കൈപ്പുണ്യം ഫുഡ്സ്.

ഓണം ഉൾപ്പെടെയുള്ള മലയാളികളുടെ ആഘോഷങ്ങൾക്ക് പാരമ്പരാ​ഗത രീതിയിൽ തയാറാക്കുന്ന കൈപ്പുണ്യമുള്ള സദ്യ മലയാളിക്ക് ആസ്വദിക്കനാകുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് കാർട്ടൂണിസ്റ്റ് സുകുമാറും പറഞ്ഞു. വരയുടെ കൈപ്പുണ്യമുള്ള കാർട്ടൂണിസ്റ്റ് സുകുമാറിനെ കൈപ്പുണ്യമുള്ള വനിതകളുടെ കൂട്ടായ്മ ആദരിക്കുന്നുവെന്നത് തികച്ചും കൗതുകകരമാണെന്നും പഴയതെല്ലാം പാഴ് എന്ന പുതുതലമുറയുടെ കാഴ്ചപ്പാടിനെ തിരുത്താനും വനിതകളുടെ കൂട്ടായ്മയായ കൈപ്പുണ്യം ഫുഡ്സിൻ്റെ പ്രവർത്തകർക്കും പ്രവർത്തനങ്ങൾക്കും സാധിക്കട്ടെയെന്നും പ്രൊ. കെ വി തോമസ് പറഞ്ഞു.
ചടങ്ങിൽ ആശംസ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. അജി ബി. റാന്നി, എ ബി സാബു, മുരളി, മുഹമ്മദ് ഷെറീഫ്, പോൾസൺ തോമസ്, കെ. ആർ.ശ്രീജ, സി. എ രജനി, ചിന്ദു പ്രസാദ്, കൈപ്പുണ്യം കോ -ഓഡിനേറ്റർ സോണിയ വിജയൻ എന്നിവർ പങ്കെടുത്തു.