balram

എകെജി സെന്റർ ആക്രമണത്തിൽ പ്രതിയെ പിടിക്കാത്ത വിഷയത്തിൽ വിചിത്രവാദം നടത്തിയ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. സുകുമാരക്കുറുപ്പിനെ കുറിച്ച് ജയരാജൻ പറഞ്ഞ വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു ബൽറാമിന്റെ പരിഹാസം. പ്രതിഭയാണ്,​ പ്രതിഭാസമാണ് എന്നായിരുന്നു ബൽറാം ചിത്രത്തിനൊപ്പം കുറിച്ചത്.

' സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി. പലരും മാറി മാറി ഭരിച്ചില്ലേ. എത്ര കേസുണ്ട് ഇങ്ങനെ. പൊലീസ് അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൃത്യം നടത്തുന്നവർ രക്ഷപ്പെടാനുള്ള വഴിയും സ്വീകരിക്കാം.

അതുകൊണ്ട് പൊലീസിന്റെ ശക്തിയും, എല്ലാ തരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യയുമെല്ലാം ഉപയോഗിച്ച് ജാഗ്രതയോടെ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.'- ഇങ്ങനെയായിരുന്നു രാവിലെ ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ജയരാജനെതിരെ ട്രോളുകൾ പ്രചരിക്കുന്നുണ്ട്.