sajith-premadasa-renil-vi

കൊളംബോ: പ്രക്ഷോഭകരെ ഭയന്ന് ഒളിച്ചോടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സ രാജിക്കത്തിൽ ഒപ്പിട്ടു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഈ കത്ത് ഇന്ന് സ്പീക്കർ മഹിന്ദയാപ അബെയ വർദ്ധനയ്ക്ക് കൈമാറും.

ഇതോടെ, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ താത്കാലിക പ്രസിഡന്റായി ഇന്ന് ചുമതലയേൽക്കും. ജൂലായ് 20ന് പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ റെനിൽ തുടരും. ഇതിനിടെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പാർട്ടി നാമനിർദ്ദേശം ചെയ്തു. റെനിലും പ്രതിപക്ഷ നേതാവുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയെന്നാണ് വിവരം.

തിങ്കളാഴ്ച രാജ്യം വിടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട ഗോതബയ ഈ ആഴ്ച തന്നെ രാജ്യം വിട്ടേക്കും. ഗോതബയ സൈന്യത്തിന്റെ സംരക്ഷണത്തിൽ പുറംകടലിൽ നാവികസേനാ കപ്പലിലുണ്ടെന്നാണ് വിവരം. ഉടൻ കപ്പൽ മാർഗം ഇന്ത്യയിലേക്കോ മാലിദ്വീപിലേക്കോ കടന്നേക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഗോതബയയെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. അറസ്റ്റ് ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ഔദ്യോഗികമായി രാജി വയ്ക്കുന്നതിന് മുന്നേ രാജ്യവിടാനായിരുന്നു പദ്ധതി. യാത്രക്കാരിൽ നിന്ന് പ്രതിഷേധം നേരിട്ടേക്കുമെന്ന ഭയത്താൽ വിമാനത്താവളത്തിലെ പൊതുവിശ്രമമുറി ഉപയോഗിക്കാൻ വിസമ്മതിച്ച ഗോതബയയുടെ പാസ്‌പോർട്ട് വി.ഐ.പി സ്യൂട്ടിൽ സ്റ്റാമ്പ് ചെയ്യാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിസമ്മതിക്കുകയായിരുന്നു. യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളിൽ കയാറാനാകാതെ വന്നതോടെ ഗോതബയയും ഭാര്യയും രാത്രി തങ്ങിയത് വിമാനത്താവളത്തിന് സമീപത്തെ എയർ ബേസിലാണ്..

ശനിയാഴ്ച പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകാരികൾ ഇരച്ചുകയറുന്നതിന് മുന്നേ ഗോതബയയെ സൈന്യം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോതബയ വിമാനമാർഗം രാജ്യം വിടാൻ ശ്രമിച്ചത്.

ഗോതബയയെ ശനിയാഴ്ച നേവി ബോട്ടിൽ ട്രിങ്കോമാലിയിലെ നാവിക കേന്ദ്രത്തിലേക്കെത്തിച്ചെന്നും അവിടെ നിന്ന് തിങ്കളാഴ്ച ഹെലികോപ്റ്റർ മാർഗം വിമാനത്താവളത്തിൽ എത്തിച്ചെന്നുമാണ് പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

ബേസിലും കുടുങ്ങി

ദുബായിലേക്കു കടക്കാൻ ശ്രമിച്ച മുൻ ധനമന്ത്രിയും ഗോതബയയുടെ സഹോദരനുമായ ബേസിൽ രാജപക്‌സയെയും വിമാനത്താവളത്തിൽ തടഞ്ഞു. ഇന്നലെ പുലർച്ചെ 12.15ന് കൊളംബോ വിമാനത്താവളത്തിലെ വി.ഐ.പി ടെർമിനൽ വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞതും മടക്കി അയച്ചതും.