stalin

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന് കൊവിഡ്. അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 'ഇന്ന് അൽപം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചു.' സ്‌റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. താൻ ഐസൊലേഷനിലാണെന്നും എല്ലാവരും മാസ്‌ക് ധരിക്കണമെന്നും വാക്‌സിൻ എടുക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും സ്‌റ്റാലിൻ ആവശ്യപ്പെട്ടു.

നിലവിൽ തമിഴ്‌നാട്ടിൽ കൊവിഡ് കണക്കിൽ അൽപം ആശ്വാസം കാണുന്ന സമയത്താണ് മുഖ്യമന്ത്രിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2448 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ചെന്നൈ 796, ചെങ്കൽപേട്ട് 410, തിരുവാളൂർ 148, കോയമ്പത്തൂർ 117 എന്നിങ്ങനെയാണ് രോഗവ്യാപനം കൂടിയ ജില്ലകളിലെ കണക്ക്. തേനിയിലെ ഒരു സർക്കാർ സ്‌കൂളിൽ 31 കുട്ടികൾ കൊവിഡ് പോസിറ്റീവായി. കുട്ടികളുടെ കുടുംബാംഗങ്ങളിൽ നടത്തിയ പരിശോധനയിൽ പത്ത് പേർക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ആരോഗ്യവകുപ്പ് സ്‌കൂൾ അണുവിമുക്തമാക്കി.