abe

ടോക്കിയോ : കഴിഞ്ഞ വെള്ളിയാഴ്ച നാരാ നഗരത്തിൽ വച്ച് അക്രമിയുടെ വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷി​ൻ​സോ​ ​ആ​ബെ​ ( 67 )യുടെ മൃതദേഹം സംസ്കരിച്ചു. ആബെയുടെ ഭൗതികശരീരവും വഹിച്ചുള്ള വാഹനവ്യൂഹം ടോക്കിയോ നഗരത്തിൽ വിലാപയാത്രയായി കടന്നുപോയപ്പോൾ ആയിരക്കണക്കിന് പേരാണ് പ്രിയനേതാവിന്റെ അവസാന യാത്രയ്ക്ക് സാക്ഷിയാകാൻ പൂക്കളുമായി തടിച്ചുകൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ടോക്കിയോയിലെ മിനാറ്റോ വാർഡിലെ സൊജോജി ടെംപിളിൽ ആബെയുടെ അന്ത്യകർമ്മങ്ങൾ നടന്നു. ആബെയുടെ ഭാര്യ അകീ, കുടുംബാംഗങ്ങൾ, പാർട്ടിവൃത്തങ്ങൾ തുടങ്ങി ആയിരത്തോളം പേർ ഇവിടുത്തെ ചടങ്ങുകളിൽ പങ്കാളികളായി. രാവിലെ 9 മുതൽ ഒരു മണി വരെ ബുദ്ധക്ഷേത്രമായ സൊജോജി ടെംപിളിൽ ആബെയ്ക്ക് വേണ്ടി പ്രാർത്ഥന അർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് ശേഷം കിരിഗയാ ഫ്യൂണറൽ ഹാളിലെത്തിച്ച് മൃതദേഹം സംസ്കരിച്ചു. പാർലമെന്റ് ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയ്ക്ക് മുന്നിലൂടെയാണ് ആബെയുടെ മൃതദേഹം കിരിഗയാ ഫ്യൂണറൽ ഹാളിലേക്ക് കൊണ്ടുപോയത്.