
കൊച്ചി: കലൂരിൽ വഴിയോരത്ത് തോപ്പുംപടി സ്വദേശി ക്രിസ്‌റ്റഫർ കഴുത്തറുത്ത് ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിൽ സൗഹൃദം അവസാനിപ്പിച്ചതിനെ ചൊല്ലിയുളള ഏറ്റുമുട്ടലെന്ന് മൊഴി. ക്രിസ്‌റ്റഫർ ആക്രമിച്ച് പരിക്കേൽപ്പിച്ച് ചികിത്സയിൽ കഴിയുന്ന സച്ചിന്റെ മൊഴിയിലാണ് ഈ വിവരമുളളത്. കലൂരിലേക്ക് സച്ചിനെ ക്രിസ്‌റ്റഫർ വിളിച്ചുവരുത്തി. സംസാരത്തിനിടെ സൗഹൃദം അവസാനിപ്പിക്കാൻ സച്ചിൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ക്രിസ്‌റ്റഫർ, സച്ചിനെ ആക്രമിച്ചു. തുടർന്ന് കലൂർ മാർക്കറ്റിന് സമീപം പൊതുവഴിയിൽ വച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
ആക്രമണം നടന്നയുടൻ സച്ചിൻ ഓട്ടോപിടിച്ച് ആശുപത്രിയിലെത്തിയെന്ന് പൊലീസിനോട് ഇയാൾ മൊഴിനൽകിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സച്ചിൻ. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
ദേശാഭിമാനി ജംഗ്‌ഷനിൽ വൈകിട്ട് അഞ്ചരയോടെ എത്തിയ ക്രിസ്‌റ്റഫർ അടുത്തുളള പെറ്റ്‌ഷോപ്പിന് മുന്നിലെത്തി കത്തികൊണ്ട് കഴുത്തും കൈയും അറുത്താണ് ആത്മഹത്യ ചെയ്‌തത്. കൈയിലെ ഞരമ്പ് മുറിഞ്ഞതോടെ ബോധംകെട്ട് വഴിയിൽ വീണെങ്കിലും മദ്യപിച്ച് കിടക്കുന്നതായാണ് ആദ്യം നാട്ടുകാർ കരുതിയത്. എന്നാൽ പെറ്റ്‌ഷോപ്പ് ഉടമ സിസിടിവി ദൃശ്യങ്ങളിൽ നോക്കിയപ്പോഴാണ് കാര്യം ആത്മഹത്യ ശ്രമമാണെന്ന് മനസിലായത്.തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ജനറൽ ആശുപത്രിയിൽ ക്രിസ്‌റ്റഫറെ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ആക്രമണത്തിൽ സച്ചിൻ മരിച്ചു എന്ന ഭയമാണോ ക്രിസ്‌റ്റഫർ ഇത്തരത്തിൽ അത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.