
തിരുവനന്തപുരം: ജലജീവൻ മിഷനുവേണ്ടി പൊളിക്കുന്ന പഞ്ചായത്ത് റോഡുകൾ പൂർവസ്ഥിതിയിൽ ആക്കുന്നത് ഉൾപ്പെടെയാകും ഇനി കരാർ നൽകുകയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിൽ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ പ്രൊഫ. എൻ. ജയരാജിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ജലജീവൻ മിഷന്റെ മൂന്നാം ഘട്ടത്തിൽ നൽകുന്ന കരാറിൽ ഇതും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി തുക മാറ്റി വയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ജലവും റോഡും ജനങ്ങൾക്ക് ഒരുപോലെ ആവശ്യമാണ്. റോഡുകൾ പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയും താനും ഉദ്യോഗസ്ഥരും രണ്ടു തവണ യോഗം ചേർന്നു. ഇരു വകുപ്പുകളും സഹകരിച്ചു മുന്നോട്ടു പോകണമെന്ന് ചർച്ചയിൽ തീരുമാനവും എടുത്തിരുന്നു. റോഡുകൾ ഉയർന്ന നിലവാരത്തിൽ നിർമിക്കുമ്പോൾ അതിലൂടെയുള്ള പൈപ്പുകൾ പഴയതാണെങ്കിൽ മാറ്റി സ്ഥാപിക്കാൻ നിർദേശവും നൽകിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ സഭയെ അറിയിച്ചു.