bar

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകർ കോടതിയിൽ ത്രീ ഫോർത്തും സ്‌ളീവ്‌ലസ് ബ്ളൗസും ധരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ബാർ അസോസിയേഷൻ. ബാറിലെ ജൂനിയ‌ർ അഭിഭാഷകരുടെ പെരുമാറ്റത്തെക്കുറിച്ച് നിരന്തരം പരാതിയുണ്ടെന്നും ധാരാളം പരാതി ലഭിച്ചതിനാലാണ് ഇങ്ങനെ നിർദ്ദേശിക്കുന്നതെന്നും തിരുവനന്തപുരം ബാർ അസോസിയേഷൻ അറിയിച്ചു.

അഡ്വക്കേറ്റ്‌സ് ആക്‌ട് പ്രകാരം കോടതിയിലെ വസ്‌ത്രധാരണം എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചില ജൂനിയർ അഭിഭാഷകരുടെ ഭാഗത്ത് നിന്നും കാഷ്വലായ വസ്‌ത്രധാരണവും കോടതിയിൽ സബ്മിഷൻ നൽകുന്നത് സംബന്ധിച്ചുമെല്ലാം വ്യക്തമായ അലംഭാവമുണ്ടെന്നാണ് ബാർ അസോസിയേഷൻ പറയുന്നത്. ജൂനിയർ അഭിഭാഷകരുടെ വസ്‌ത്രധാരണം തൊഴിലിലെ ഡ്രസിംഗ് കോഡിനെ അനാദരിക്കുന്നതിന് തുല്യമാണ്. അതിനാൽ ശരിയായ വസ്‌ത്രം ധരിച്ച് തൊഴിലിന്റെ മഹത്വത്തെ ഉയ‌ർത്തിപ്പിടിക്കണമെന്നും അല്ലെങ്കിൽ കടുത്ത നടപടികളെടുക്കുമെന്നുമാണ് ബാർ അസോസിയേഷന്റെ മുന്നറിയിപ്പ്. മുൻപും വസ്‌ത്രധാരണത്തെ സംബന്ധിച്ച് ബാർ അസോസിയേഷൻ നോട്ടീസ് നൽകിയിരുന്നു.

അതേസമയം കോടതിയ്‌ക്ക് പുറത്തോ ബാർ അസോസിയേഷൻ ഹാളിലോ പ്രത്യേക തരം വസ്‌ത്രം ധരിക്കണം എന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്ന് അഭിഭാഷകരിൽ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. ബാറിലെ മുതിർന്ന അഭിഭാഷക‌ർ‌ അവരുടെ ജൂനിയർമാരോട് തൊഴിലിന്റെ അന്തസ് നിലനിർത്താൻ ഇക്കാര്യങ്ങൾ പറയണമെന്നാണ് ബാർ അസോസിയേഷൻ നോട്ടീസിലുള‌ളത്.