
തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരേയുണ്ടായ സ്ഫോടനത്തിൽ പ്രതികരിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻമന്ത്രി പി.കെ.ശ്രീമതി എന്നിവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചറ നവാസ് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി.
എറിഞ്ഞത് ബോംബാണെന്നും ഭീകരാക്രമണം ആസൂത്രണം ചെയ്തത് കോൺഗ്രസാണെന്നുമാണ് ജയരാജൻ പ്രതികരിച്ചത്. വലിയ ശബ്ദം കേട്ടതായി ശ്രീമതിയും പ്രതികരിച്ചിരുന്നു. ഈ പരാമർശങ്ങളുടെ ഫലമായി സംസ്ഥാനത്താകെ കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഫോറൻസിക് പരിശോധനയിൽ എറിഞ്ഞത് ബോംബല്ല, വീര്യം കുറഞ്ഞ ഏറുപടക്കമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
നേരത്തെ എ കെ ജി സെന്റർ ആക്രമണക്കേസിൽ വിചിത്രവാദവുമായി ഇ പി ജയരാജൻ രംഗത്ത് വന്നിരുന്നു. സുകുമാരക്കുറുപ്പിനെ ഇതുവരെ പിടികൂടാനായോയെന്നും, കക്കാൻ പഠിച്ചവന് നിക്കാനുമറിയാമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി. പലരും മാറി മാറി ഭരിച്ചില്ലേ. എത്ര കേസുണ്ട് ഇങ്ങനെ. പൊലീസ് അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൃത്യം നടത്തുന്നവർ രക്ഷപ്പെടാനുള്ള വഴിയും സ്വീകരിക്കാം. അതുകൊണ്ട് പൊലീസിന്റെ ശക്തിയും, എല്ലാ തരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യയുമെല്ലാം ഉപയോഗിച്ച് ജാഗ്രതയോടെ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.'- ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.