caste

കൊച്ചി: സ്‌ത്രീധനത്തിന്റെയും താഴ്ന്ന ജാതിയിൽ പെട്ടതെന്ന പേരിലും നിരന്തരമായ പീഡനത്തെ തുടർന്ന് ദളിത് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും കുടുംബവും അറസ്‌റ്റിലായി. മരണമടഞ്ഞ സംഗീതയുടെ ഭർത്താവ് സുമേഷ്, അമ്മ രമണി, സുമേഷിന്റെ സഹോദരഭാര്യ മനീഷ എന്നിവരാണ് അറസ്‌റ്റിലായത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് അറസ്‌റ്റ്.

സുമേഷും സംഗീതയും പ്രണയത്തിലായിരുന്നു. സുമേഷ് ഉയർന്ന ജാതിയിലും സംഗീത താഴ്‌ന്ന ജാതിയിലുമായിരുന്നു എന്നത് ഇയാളുടെ വീട്ടിൽ വലിയ പ്രശ്‌നമായിരുന്നു. തൃശൂർ സ്വദേശികളാണ് സുമേഷിന്റെ കുടുംബം. സുമേഷ് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് പൊലീസ് നടപടി.

ഭർത്താവ് സുമേഷിന്റെ വീട്ടിൽ സംഗീതയെ ജാതി പറഞ്ഞ് അപമാനിച്ചിരുന്നുവെന്ന് ബന്ധുക്കൾ മുൻപ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനമായിട്ട് നൽകാൻ തങ്ങളുടെ കൈവശം ഒന്നുമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് സുമേഷിന്റെ വീട്ടിലെത്തിയപ്പോൾ അമ്മയും ചേട്ടത്തിയമ്മയും അറപ്പോടെയാണ് സംഗീതയോട് പെരുമാറിയത്.

എല്ലാത്തിനും കാരണം ജാതിയായിരുന്നു. സ്ത്രീധനം കൊണ്ടുവരാത്തതുകൊണ്ട് കസേരയിൽ പോലും ഇരിക്കാൻ സമ്മതിച്ചിരുന്നില്ല. അവൾക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേക പാത്രം നൽകിയിരുന്നു. ഗർഭിണിയായപ്പോഴും കുഞ്ഞ് മരിച്ചപ്പോഴും വല്ലാത്ത ക്രൂരതയാണ് സംഗീത നേരിട്ടത്. കുഞ്ഞിന്റെ മൃതദേഹം വീട്ടിൽ കയറ്റാൻ പോലും സമ്മതിച്ചില്ല. ഈ കുടുംബത്തിൽ ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീയിൽ ആയിപ്പോയല്ലോ എന്നായിരുന്നു സുമേഷിന്റെ അമ്മ പറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.