
പത്തനംതിട്ട: ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. തിരുവനന്തപുരം മടവൂർ സ്വദേശി രാജശേഖരഭട്ടതിരി (65), ഭാര്യ ശോഭ (63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നിഖിലിനെ (32) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. മടവൂർ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന രാജശേഖരഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാറിൽ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.
രാജശേഖരഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റേ വാഹനത്തിലുണ്ടായിരുന്ന ചടയമംഗലം അനസ് മൻസിൽ, അനസ്സ് (26) മേലേതിൽ വീട്ടിൽ ജിതിൻ (26), അജാസ് മൻസിൽ അജാസ് (25) , പുനക്കുളത്ത് വീട്ടിൽ അഹമ്മദ് (23) എന്നിവർക്കും പരിക്കേറ്റു. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അടൂർ ഫയർ ഫോഴ്സും, കൊട്ടാരക്കര ഫയർ ഫോഴ്സും സ്ഥലത്ത് എത്തി. വാഹനങ്ങൾ വശങ്ങളിലേക്ക് മാറ്റി റോഡിൽ ചിതറിക്കിടന്ന ചില്ലുകൾ വെള്ളം പമ്പ് ചെയ്ത് നീക്കി ഫയർ ഫോഴ്സ് റോഡ് ഗതാഗത യോഗ്യമാക്കി.