
പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു. ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിനെ (33) യാണ് റിമാൻഡ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ പ്രതി തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടിയുമായി നാടുവിട്ടത്.
മാതാവിന്റെ ഫോണിൽ നിന്ന് പെൺകുട്ടി ഷിബിനെ വിളിക്കാറുണ്ടായിരുന്നു. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണിൽ റെക്കോഡിംഗ് ഓപ്ഷൻ ഇട്ടിരുന്നു. കുട്ടിയെ കാണാതായതോടെ ഫോണില്‍ ഏറ്റവും അവസാനം വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചു.
മകള്‍ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും നാളെ രാവിലെ തിരികെ എത്തിക്കാമെന്നുമായിരുന്നു പ്രതികരണം. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
സുഹൃത്തില്‍ നിന്ന് കടംവാങ്ങിയ 500 രൂപയുമായിട്ടായിരുന്നു പ്രതി പെൺകുട്ടിയേയും കൊണ്ട് നാടുവിട്ടത്. ചെലവിനായി പത്താം ക്ലാസുകാരിയുടെ കമ്മൽ 3500 രൂപയ്ക്ക് വിറ്റു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.