rhea-chakraborty

ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗിന് ലഹരിമരുന്ന് വാങ്ങിനൽകിയതിന് നടിയും കാമുകിയുമായ റിയ ചക്രബർത്തിക്കെതിരെ കേസെടുത്ത് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). 2020ൽ സുശാന്ത് സിംഗ് മരണപ്പെട്ടിരുന്നു. റിയയ്ക്കും സഹോദരൻ ഷോവിക് ചക്രബർത്തിയ്ക്കും പുറമേ 34 പേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

സുശാന്ത് സിംഗിനുവേണ്ടി കഞ്ചാവ് വാങ്ങിയതിനും പണം നൽകിയതിനുമാണ് റിയയ്ക്കെതിരെ എൻസിബി കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. സമാനകേസിൽ 2020ലും റിയ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അറസ്റ്റിന് ഒരു മാസത്തിന് ശേഷം മുംബയ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

2020 ജൂൺ 14നാണ് ബാന്ദ്രയിലെ അപ്പാർട്ട്‌മെന്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ബോളിവുഡിലും ടെലിവിഷൻ രംഗത്തും മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് എൻസിബി വ്യാപക അന്വേഷണം ആരംഭിച്ചിരുന്നു. സുശാന്തിന്റെ മരണം സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.