
പത്തനംതിട്ട: ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. തിരുവനന്തപുരം മടവൂർ കളരി ശ്രീ ഭദ്രകാളി ക്ഷേത്ര മേൽശാന്തി വലംപിരിപിള്ളി മഠത്തിൽ രാജശേഖരഭട്ടതിരി (65), ഭാര്യ ശോഭ (63), മകൻ നിഖിൽ (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.
രാജശേഖരഭട്ടതിരിയും ശോഭയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് നിഖിൽ മരിച്ചത്. മടവൂർ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന രാജശേഖരഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാറിൽ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.
രണ്ടാമത്തെ കാറിലുണ്ടായിരുന്ന ചടയമംഗലം അനസ് മൻസിൽ, അനസ്സ് (26) മേലേതിൽ വീട്ടിൽ ജിതിൻ (26), അജാസ് മൻസിൽ അജാസ് (25) , പുനക്കുളത്ത് വീട്ടിൽ അഹമ്മദ് (23) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.