
മോഹൻലാലിനെ നായകനാക്കി ഷാജി കെെലാസ് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത് മുതൽ ആരാധകർ പ്രതീക്ഷയിലാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 'എലോൺ' എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'ലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.
'എലോൺ' ഒ.ടി.ടി റിലീസ് ആണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. ഇപ്പോഴിതാ 'എലോൺ' തിയേറ്ററിൽ ഇറക്കാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ഷാജി കെെലാസ്.
'എലോണിൽ ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ മാത്രമാണ്. കൊവിഡ് സമയത്ത് ഒരു ഫ്ലാറ്റിനകത്താണ് ചിത്രം ഷൂട്ട് ചെയ്‌തത്. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രം തിയേറ്ററിൽ എത്തിക്കാൻ പറ്റില്ല, കാരണം നിങ്ങൾ ലാഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണ് 'എലോൺ'. രണ്ട് തിയേറ്ററിലെങ്കിലും റിലീസ് ചെയ്‌ത് നോക്കാമെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നുണ്ട്'- ഷാജി കെെലാസ് പറഞ്ഞു.