curd

ബ്യൂട്ടീപാർലറുകളിൽ പോകാതെ, അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് സുഹൃത്തുക്കളുടെ മുന്നിൽ തിളങ്ങാൻ കഴിയും. അത്തരത്തിൽ ഏറ്റവും എളുപ്പം ലഭിക്കുന്നതും ചെലവുകുറഞ്ഞതുമായ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ഒന്നാണ് തൈര്. താഴെപ്പറയുന്ന രീതികളിൽ ഉപയോഗിച്ചാൽ മൃദുവും തിളക്കവും ആരോഗ്യവുമുള്ള മുടി നിങ്ങൾക്ക് ലഭിക്കും.

മുട്ടയും തൈരും


മുട്ട പൊട്ടിച്ച്, അതിലേക്ക് രണ്ട് ടേബിൾസ്‌പൂൺ തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് 20-30 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്താൽ മുടികൊഴിച്ചിലടക്കമുള്ള പ്രശ്നങ്ങൾ മാറും.


തേനും തൈരും


അരക്കപ്പ് തൈരിലേക്ക് രണ്ട് ടീസ്പൂൺ തേൻ ചേർക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം തലയിൽ നന്നായി മസാജ് ചെയ്യുക. ഇരുപത് മിനിട്ടിന് ശേഷം ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക. മുടി പൊട്ടിപ്പോകുന്നതടക്കമുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാർഗമാണിത്.

തൈരും കറ്റാർവാഴയും

അരക്കപ്പ് തൈരിൽ 4-5 ടേബിൾ സ്‌‌പൂൺ കറ്റാർ വാഴ ജെൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് തലയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. മുടി കഴുകുന്നതിന് മുമ്പ് ചൂട് വെള്ളത്തിൽ മുക്കിയ ഒരു ടവൽ കൊണ്ട് കുറച്ച് സമയം മുടി കെട്ടിവയ്ക്കുന്നത് നല്ലതാണ്. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനുമൊക്കെ ഇത് സഹായിക്കും.