
പ്രണയമുണ്ടോയെന്ന ചോദ്യത്തിന് സത്യസന്ധമായ ഉത്തരങ്ങൾ നൽകുന്ന നായികമാർ കുറവാണ്. എന്നാൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പ്രണയ ലേഖനം എഴുതിയിട്ടുണ്ടെന്നും അത് വീട്ടുകാർ കൈയോടെ പിടിച്ചെന്നും തുറന്നു പറയുകയാണ് നടി സായ് പല്ലവി.
വിരാട് പർവം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി കാമുകന് കത്തെഴുന്നത് അമ്മ കാണുന്ന സീനുണ്ട്. ഈ കത്ത് യഥാർത്ഥമായിരുന്നോ അതോ സിനിമയ്‌ക്ക് വേണ്ടി ചെയ്തതാണോ എന്നായിരുന്നു ചോദ്യം. ഇതിനായിരുന്നു താരം രസകരമായ മറുപടി നൽകിയത്.
' സംവിധായകന്റെ നിർദ്ദേശപ്രകാരമാണ് ഈ സിനിമയിൽ ഞാൻ ആ കത്ത് എഴുതിയത്. പക്ഷേ, യഥാർത്ഥ ജീവിതത്തിൽ ഒരു തവണ മാത്രമാണ് കത്തെഴുതിയിട്ടുള്ളത്. ക്ലാസിലെ ആൺകുട്ടിക്ക് വേണ്ടിയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴോ മറ്റോ ആണ്. അന്ന് പിടിക്കപ്പെട്ടു. നല്ല അടിയും കിട്ടി. ' സായി പല്ലവി പറഞ്ഞു.
വിരാട പർവത്തിൽ റാണ ദഗുബട്ടിയാണ് നായകൻ. ചെറുപ്പത്തിൽ താനും ഒറ്റ തവണ മാത്രമാണ് കത്തെഴുതിയതെന്ന് റാണ പറഞ്ഞു. മരിച്ചുപോയ മുത്തച്ഛന് വേണ്ടിയായിരുന്നു ആ കത്തെഴുതൽ. നെറ്റ് ഫ്ലിക്സ് ഇന്ത്യയുടെ മൈ വില്ലേജ് ഷോയിലായിരുന്നു താരങ്ങളുടെ വെളിപ്പെടുത്തൽ.