major-ravi

കൊച്ചി: മാലിന്യ കൂമ്പാരത്തില്‍ കിടന്നിരുന്ന ദേശീയ പതാകയെ ആദരവോടെ സല്യൂട്ട് ചെയ്‌ത പൊലീസ് ഓഫീസറെ കാണാൻ മേജർ രവി എത്തി. ഇരുമ്പനം കടത്തുകടവ് റോഡിലെ മാലിന്യ കൂമ്പാരത്തിലാണ് ദേശീയ പതാക ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോസ്റ്റ്ഗാർഡിന്റെ പതാക, ലൈഫ് ജാക്കറ്റ്, റെയിൻകോട്ട് തുടങ്ങിയവയും മാലിന്യക്കൂമ്പാരത്തിലുണ്ടായിരുന്നു.

വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ അമല്‍ ടി.കെയാണ് സല്യൂട്ട് നല്‍കിയ ശേഷം മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക തിരിച്ചെടുത്തത്. പൊലീസുകാരന്റെ പ്രവർത്തി വെെറലായതിന് പിന്നാലെയാണ് സംവിധായകനും നടനുമായ മേജർ രവി പൊലീസുകാരനെ കണ്ട് അഭിനന്ദിച്ചത്. ഫേയ്‌സ്ബുക്കിലൂടെ മേജര്‍ രവി തന്നെയാണ് അമലിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്.

'ദേശസ്‌നേഹം കണ്ടാല്‍ ഞാൻ ആവേശത്തിലാകും. ഒരു പൊലീസുകാരൻ എന്നെ ഇപ്പോൾ സർപ്രെെസ് ചെയ്‌തിരിക്കുകയാണ്. പത്രങ്ങളില്‍ നിന്ന് വാര്‍ത്ത നമ്മൾ കണ്ടതാണ്. അവിടെ പോയ പൊലീസുകാരൻ ആദ്യം സല്യൂട്ട് അടിക്കുകയാണ് ചെയ്‌‌തത്. ഇത് നിങ്ങൾ ഓരോർത്തർക്കും ഒരു പാഠം ആകണം. രാഷ്ട്രീയത്തേക്കാള്‍ വലുത് രാഷ്ട്രമാണ്. ഇതെന്റെ ദേശീയ പതാകയാണ്, ഇതിനെ ഇനി അപമാനിക്കാൻ ഞാൻ സമ്മതിക്കില്ലെന്ന് പൊലീസുകാരൻ പറഞ്ഞു.

എന്റെ പതാക എന്റെ അഭിമാനമാണ്. ഈ മണ്ണുണ്ടെങ്കിലെ നിങ്ങള്‍ ഉണ്ടാകൂ. ഈ മണ്ണിനെ സംരക്ഷിക്കണം. അതിന് പൊലീസുകാരാനോ പട്ടാളക്കാരോ ആകണമെന്നില്ല. ഈ പൊലീസുകാരന്‍ ഒരു മാതൃകയാകട്ടെ' - മേജര്‍ രവി പറഞ്ഞു.

ചൊവ്വാഴ്‌ചയാണ് മാലിന്യക്കൂമ്പാരത്തിനിടയില്‍ പതാക കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അമൽ സല്യൂട്ട് നൽകിയ ശേഷം ഓരോ പതാകയും ഭദ്രമായി മടക്കിയെടുത്ത് ആദരവോടെ പൊലീസ് ജീപ്പിലേക്ക് വച്ചു. കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ കൂടി എത്തിയ ശേഷം പതാകകള്‍ മാറ്റിയാല്‍ പോരേയെന്നും കൂടെയുണ്ടായിരുന്നവർ ചോദിച്ചെങ്കിലും ഇങ്ങനെ ഇട്ടിരിക്കുന്നത് ശരിയല്ലെന്ന് അമല്‍ പറഞ്ഞു.