
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധനാ ഫലത്തിൽ മൂന്നു തവണ ഹാഷ് വാല്യു മാറിയതായി കണ്ടെത്തി. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ലാ കോടതി എന്നിവിടങ്ങളിൽ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യു മാറിയത്.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നുള്ള പരിശോധനാഫലം മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. ഏതു തീയതികളിലാണ് ഹാഷ് വാല്യു മാറിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
മെമ്മറി കാർഡിൽ നിന്നും ദൃശ്യം പകർത്തുകയോ എഡിറ്റിംഗ് നടത്തുകയോ ചെയ്യുമ്പോഴാണ് അതിന്റെ ഡിജിറ്റൽ ഘടനയിൽ മാറ്റം വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി.
മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്ന വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പരിശോധനാഫലം ഏഴ് ദിവസത്തിനകം കൈമാറണമെന്നും നിർദേശിച്ചിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.