minister

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ തലസ്ഥാന സന്ദർശനം മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ഏറെ ചർച്ചയായിരുന്നു. വിദേശ രാജ്യങ്ങളുമായുള്ള കാര്യങ്ങൾ നോക്കേണ്ട മന്ത്രി കഴക്കൂട്ടത്ത് വന്നത് എന്തിനാണെന്ന് മനസിലാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിദേശ കാര്യമന്ത്രി എന്നാൽ വിദേശത്ത് താമസിക്കുന്ന മന്ത്രി എന്നല്ല അർത്ഥമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും തിരിച്ചടിച്ചതോടെയാണ് ജയശങ്കറിന്റെ സന്ദർശനത്തിന് രാഷ്ട്രീയ മാനം കൈവന്നത്. കഴക്കൂട്ടത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനാണ് കേന്ദ്ര മന്ത്രി എത്തിയതെന്നാണ് ബി ജെ പി നേതാക്കളടക്കം പറഞ്ഞതെങ്കിലും, മുഖ്യമന്ത്രിയുടെ പരാമർശം വന്നതോടെ ഈ വാദം മാറുകയാണ്.

കഴക്കൂട്ടത്തെ വിജയിപ്പിക്കാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് ബി ജെ പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അഡ്വ ബി ജി വിഷ്ണു പരസ്യമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയാൻ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിമാർ മാത്രമല്ല പ്രധാനമന്ത്രി വരെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ വരുമെന്നും, കാര്യങ്ങൾ വിലയിരുത്തുവാനും നടപ്പിലാക്കാനുമാണ് ജനം സർക്കാരിനെ അധികാരത്തിലേറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പേരു മാറ്റിയ പദ്ധതിയുടെ അട്ടിപ്പേറവകാശത്തിനല്ല കേന്ദ്രമന്ത്രി വന്നതെന്നും, എന്തിനാണ് മുഖ്യമന്ത്രി ഇത്രയും അസ്വസ്ഥനാകുന്നതെന്നും ബി ജെ പി നേതാവ് ചോദിക്കുന്നു.