
ഈരാറ്റുപേട്ട: കെഎസ്ആർടിസി ബസും എൽ പി ജി ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇടമറുക് സ്വദേശി റിൻസ്(40) ആണ് മരിച്ചത്. ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപമാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ടയിൽ നിന്ന് മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം തൊടുപുഴയിൽ നിന്ന് എരുമേലിയിലേയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചറിൽ ഇടിക്കുകയായിരുന്നു. ഫയർഫോഴ്‌സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് റിൻസിനെ പുറത്തെടുത്തത്.
സംസ്ഥാനത്ത് വ്യത്യസ്ത ഇടങ്ങളിലായി ഇന്ന് നടന്ന അഞ്ച് വാഹനാപകടങ്ങളിലായി എട്ടുപേരാണ് മരിച്ചത്. അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പാലക്കാട് കല്ലടിക്കോട് രാവിലെയുണ്ടായ വാഹനാപകടത്തിലും രണ്ട് പേർ മരിച്ചു. ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആലുവയിൽ ഗുഡ്സ് ഓട്ടോ, സ്കൂട്ടറിലിടിച്ച് ചൂർണിക്കര പള്ളിക്കുന്ന് സ്വദേശി അലൻ മരിച്ചു. വയനാട് ബത്തേരിയിൽ കാറിന്റെ ഡോറിൽ ബൈക്കിടിച്ച് മാവാടി ചെട്ടിയാങ്കണ്ടി സ്വദേശി റഫീഖും മരിച്ചു.