narendra-modi-

സാമ്പത്തിക പ്രതിസന്ധിയിൽ ഏറെക്കാലമായി ഉഴലുന്ന ശ്രീലങ്കയുടെ അവസ്ഥ തകർച്ചയുടെ മൂർദ്ധന്യത്തിലെത്തിയിരിക്കുകയാണ്. ശ്രീലങ്കയ്ക്ക് സമാനമായ തകർച്ചയുടെ പാതയിലാണ് ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനും, നേപ്പാളുമടക്കമുള്ള രാജ്യങ്ങൾ. വിവിധ രാജ്യങ്ങളിൽ പണപ്പെരുപ്പം വർദ്ധിക്കുന്നതും ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്കാണോ എന്ന സൂചനകളും നൽകുന്നുണ്ട്. ശ്രീലങ്കയുടെ അവസ്ഥ ചൂണ്ടിക്കാട്ടി വരും കാലത്ത് ഇന്ത്യയുടെ അവസ്ഥയും സമാനമായിരിക്കും എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പ്രധാനമായും പ്രതിപക്ഷ കക്ഷികളാണ് ഈ വാദം ഉന്നയിക്കുന്നത്. പ്രതിഷേധക്കാരെ ഭയന്ന് രാജ്യം വിടേണ്ടി വന്ന ശ്രീലങ്കൻ ഭരണാധികാരിയുടെ അവസ്ഥ ഇന്ത്യൻ പ്രധാനമന്ത്രിക്കുണ്ടാകുമെന്ന് തൃണമൂൽ എം എൽ എയുടെ വാക്കുകളും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ അവസ്ഥയിൽ ഇന്ത്യയുടെ സാമ്പത്തിക നില പരുങ്ങലിലാണോ എന്ന് പരിശോധിക്കാം.

തെറ്റായ രീതിയിലുള്ള ഭരണരീതികളാണ് ശ്രീലങ്കയെ അതിവേഗം കടക്കെണിയിൽ വീഴ്ത്തിയത്. പ്രധാനമായും കുറച്ച് നാളുകളായി രാജപക്‌സെ കുടുംബത്തിന്റെ കൈയിലെ കളിപ്പാവയായിരുന്നു ശ്രീലങ്ക എന്ന രാജ്യം. ഈ അവസരം ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾ ഉപയോഗിക്കുകയും ചെയ്തു. രാജ്യത്തെ അരാജകത്വത്തിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിട്ടത് സർക്കാർ കൈക്കൊണ്ട തെറ്റായ നയങ്ങളായിരുന്നു. രാജ്യത്തിന്റെ ജിഡിപിയെക്കാൾ അധികം കടമെടുത്ത സർക്കാരാണ് രാജ്യത്തെ കടക്കെണിയിൽ ആക്കിയത്. ഉയർന്ന പലിശ നിരക്കും കുറഞ്ഞ കാലാവധിയുമുള്ള കടം എടുത്തതും തിരിച്ചടിയായി.

അധികാരം പിടിക്കുന്നതിനായി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഗോതബയ രാജപക്‌സെ നിരവധി വാഗ്ദ്ധാനങ്ങളാണ് നൽകിയത്. വലിയ നികുതിയിളവുകൾ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ പ്രാഥമിക വരുമാന സ്രോതസ്സായിരുന്ന ടൂറിസത്തിന് കൊവിഡിൽ കാലിടറിയതോടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരുകയായിരുന്നു. ശ്രീലങ്കയുമായി ഇന്ത്യയെ തുലനം ചെയ്താൽ നാം ഇപ്പോഴും വളരെ സുരക്ഷിതരാണ്. വിദേശനാണ്യത്തിന്റെ ശോഷണം മൂലം ഇന്ധനമുൾപ്പടെയുള്ള അവശ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യാനാവാത്തതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. എന്നാൽ 600 ബില്യൺ യുഎസ് ഡോളറിന്റെ വിദേശനാണ്യ കരുതൽ ധനമുള്ള ഇന്ത്യയ്ക്ക് അടുത്തൊന്നും ഒരു സാമ്പത്തിക വെല്ലുവിളി നേരിടേണ്ട സാഹചര്യം ഇല്ല. ഒരു വർഷം രാജ്യത്തിന് ആവശ്യമുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ ഈ തുക ധാരാളമാണ് എന്നതാണ് കാരണം.

റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വിദേശ കടം 2013 ൽ 409 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2021 ഡിസംബറിൽ 615 ബില്യൺ യുഎസ് ഡോളറായി ഉയർന്നിട്ടുണ്ട്. എന്നാൽ വിദേശ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 2013 ലെ 22.4 ശതമാനത്തിൽ നിന്ന് 2021 എത്തുമ്പോൾ 20 ശതമാനമായി മാറി. കൊവിഡ് കാലത്ത് ജി ഡി പിയിൽ കുറവ് രേഖപ്പെടുത്തിയിട്ടും ഇത്രയും നേട്ടമുണ്ടാക്കാൻ രാജ്യത്തിനായി എന്നത് ശ്രദ്ധേയമാണ്. സർക്കാരിന്റെ നയങ്ങൾ ശരിയായ ദിശയിലാണ് എന്നതിന്റെ സൂചനയാണ് ഇത്.

രാജ്യത്ത് വർദ്ധിച്ചു വരുന്ന പണപ്പെരുപ്പമാണ് കണക്കിലെടുക്കേണ്ട മറ്റൊരു വസ്തുത. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദം വരെ മിതമായ പണപ്പെരുപ്പമായിരുന്നുവെങ്കിലും ഇപ്പോൾ അതല്ല അവസ്ഥ. എന്നാൽ മാറിയ ആഗോള സാഹചര്യത്തിൽ മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം ഉയർന്ന തോതിലാണ്. കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറച്ചും സമയോചിതമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും അടിക്കടിയുണ്ടാവുന്നത് പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിനാണ്. ഡോളറിനെതിരെ രൂപയുടെ നില പരുങ്ങളിലാകുന്നതും വെല്ലുവിളിയാണ്. കയറ്റുമതിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും രൂപയുടെ മൂല്യത്തകർച്ച ആശങ്കയുളവാക്കുന്നുണ്ട്.

കടം പെരുകുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ വെല്ലുവിളി ഉയർത്തുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംസ്ഥാനങ്ങൾക്കും തുല്യമായ ഉത്തരവാദിത്തമാണ് ഉള്ളത്. എന്നാൽ ഭരണം പിടിക്കാൻ കടം എടുത്തും സൗജന്യങ്ങളും വാഗ്ദ്ധാനങ്ങളും ഒഴുക്കുന്ന പ്രവണത വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടം പെരുകുന്നത് തിരിച്ചടിയാവുമെന്ന് അടുത്തിടെ റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.