
വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം മൂലം കാനഡയിൽ കമ്പനികൾ വലിയ ബുദ്ധിമുട്ട് നേരിടുന്നതായി റിപ്പോർട്ട്.
ബിസിനസ് കൗൺസിൽ ഓഫ് കാനഡ (ബിസിസി) അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യമുള്ളത്. എൺപതോളം കനേഡിയൻ കമ്പനികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 1.6 ദശലക്ഷത്തിലധികം ആളുകൾ ഈ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. കാനഡയുടെ ഇമിഗ്രേഷൻ സംവിധാനം ഉപയോഗിച്ചാണ് മിക്ക കമ്പനികളും വിദഗ്ദ്ധ തൊഴിലാളികളെ കണ്ടെത്തുന്നത്.
കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ നൈപുണ്യമുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ കാനഡയിലെ കമ്പനികൾ ബുദ്ധിമുട്ടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമേ പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, നിർമ്മാണ തൊഴിൽ തുടങ്ങിയ ബ്ളൂ കോളർ ജോലികൾക്കും പരിശീലനം നേടിയവരെ ലഭിക്കാൻ ബുദ്ധിമുട്ട് ഏറുകയാണ്. ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലാണ് തൊഴിലാളി ക്ഷാമം രൂക്ഷം. കാനഡയിലെ എല്ലാ പ്രവിശ്യകളിലും തൊഴിലാളികൾക്ക് ക്ഷാമം നേരിടുന്നുണ്ട്.
തൊഴിലാളികളുടെ ക്ഷാമം ലഘൂകരിക്കുന്നതിനായി മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം വരും വർഷങ്ങളിലും പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശമാണ് സർക്കാരിന് മുൻപിൽ കമ്പനികൾ നിരത്തുന്നത്. 2022ൽ നാലര ലക്ഷത്തോളം പുതിയ സ്ഥിരതാമസക്കാർ എത്തുമെന്നാണ് കാനഡ പ്രതീക്ഷിക്കുന്നത്. നിരവധി വർക്ക് പെർമിറ്റുകൾ ഇതിനായി ലഭ്യമാക്കും.