
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തിന്റെ ഉദ്ഘാടനവും വിതരണവും ജൂലായ് 14ന് വൈകുന്നേരം 5.30ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ വിശിഷ്ടാതിത്ഥികളാകും.
നവകേരളം കര്‍മ്മ പദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ മേഖലയിലും അനുബന്ധ മേഖലയിലും വലിയ തോതിലുള്ള മുന്നേറ്റമാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രികള്‍ ജനസൗഹൃദമാക്കുക, രോഗിയുമായി ബന്ധപ്പെട്ട ചെലവുകള്‍ ചുരുക്കുക, ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യകരമായ ജീവിതം സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തന മികവിലും ഗുണനിലവാര വര്‍ദ്ധനവിലും ഊന്നല്‍ നല്‍കിക്കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടി വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു.