
ഇന്ന് വാസുവേട്ടന് എൺപത്തിയൊമ്പത് തികഞ്ഞ് തൊണ്ണൂറിലേക്ക് കിടക്കുകയാണ്. ആശംസകൾ അർപ്പിക്കാനും ആയുരാരോഗ്യങ്ങൾക്കായി പ്രാർത്ഥിക്കാനും ഭൂമിയിലെ എല്ലാ സഹൃദയർക്കും സുവർണ്ണാവസരം.
കൊറോണയുടെ നീണ്ട ഇടവേളക്കു ശേഷം കോട്ടക്കൽ വച്ചാണ് ഈയിടെ കണ്ടത്. പിറന്നാൾ അല്ലേ വരുന്നത് എന്ന് ഞാൻ ഒരു കുസൃതി ചോദിച്ചു. ആഘോഷം ഒക്കെ വേണ്ടേ എന്ന അർത്ഥത്തിൽ തന്നെ. അതൊന്നും പതിവില്ല, ഉണ്ടാവില്ല, എന്നായിരുന്നു കേവലം കൈവിരൽ മുദ്ര കൊണ്ട് നിസ്സംഗമായ മറുപടി.
ശരി, ഞാൻ അപേക്ഷിച്ചു, നൂറു തികയുമ്പോൾ പക്ഷേ, ഒഴികഴിവൊന്നും പറയരുത്!
അപ്പോൾ, അപൂർവ്വമായ ആ ചെറു ചിരി എനിക്ക് സമ്മാനമായി തന്നു. (എല്ലാവരും ഈ കാര്യം ഓർത്ത് വയ്ക്കുക. വാസുവേട്ടൻ സമ്മതിച്ചാലും ഇല്ലെങ്കിലും നമുക്ക് ആ നൂറാംപിറന്നാൾ ഗംഭീരമാക്കണം!)
വളരെ വലിയ ഗോപുരങ്ങൾ ഉള്ള കോട്ടയാണെങ്കിലും അകത്തു കടക്കാൻ സാധാരണ രീതിയിൽ ഒരു പഴുതും കാണാനാവാത്ത വ്യക്തിത്വമാണ്. ഓർക്കാപ്പുറത്ത് ഒരു വാതിൽ വല്ലപ്പോഴും ഒരു ചീള് തുറക്കും. എന്തോ വലിയ അബദ്ധം പറ്റിയപോലെ അത് ഉടനെ അടയുകയും ചെയ്യും. തക്കം പാർത്തും ഭാഗ്യം കൊണ്ടും ആരെങ്കിലും അകത്ത് കയറിയാലും അവിടെ ഏറെ നേരം തങ്ങാൻ ഒന്നും പറ്റില്ല. താക്കീതായി ഒരു മൂളൽചോദ്യം കേൾക്കാം. തക്കതായ കാരണം ഒന്നും കാണിക്കാനില്ലെങ്കിൽ ഉടനെ സ്ഥലം വിട്ടോളണം എന്നുതന്നെ ആജ്ഞ.
പഴയ തറവാടുകളിലെ വലിയ കാരണവന്മാരെ പോലെ കർക്കശമാണ് ഭാവം. സ്‌നേഹം കാണിക്കുന്നത് അന്തസ്സിന് ചേരാത്തതാണ് എന്ന നിലപാടാണ് സ്ഥിരമായ മുഖമുദ്ര. സ്‌നേഹം ദൗർബല്യമാണ് എന്ന് മുൻവിധി.
സമൃദ്ധമെങ്കിലും അതേസമയം അതീവ സൂക്ഷ്മവുമായ ഭാവുകത്വം മനസ്സിൽ നിറയെ. തന്റെ സ്‌നേഹത്തിന്റെ ഒഴുക്ക് തടഞ്ഞില്ലെങ്കിൽ താൻ അതിൽ ഒലിച്ചുപോകും എന്ന് ഭയപ്പെടുന്ന പോലെ.
അതിസാധാരണതയിൽനിന്ന് മാറിനിൽക്കാനുള്ള ജന്മവാസന എന്നുമെപ്പോഴും എന്തിലും പാലിക്കുന്നു. ചിന്തയിലെയും അതിൽനിന്നുള്ള സൃഷ്ടിപരതയിലെയും അനന്യത കാത്തുസൂക്ഷിക്കാൻ ഈ നിലപാട് തീർച്ചയായും സഹായം തന്നെ. പക്ഷേ അടുത്ത് ആകുമ്പോഴും ഏവരിൽ നിന്നും അകലെ ആയിരിക്കാൻ ഇദ്ദേഹം വിധിക്കപ്പെട്ടിരിക്കുന്നു!
ഇതുകൊണ്ട് തന്നെയാണ് രചനകളിൽ നിന്ന് രചയിതാവിനെ അറിയാൻ കഴിയാതിരിക്കുന്നതും. തീർത്തും രഹസ്യമായാണ് എല്ലാ പാചകവും.
വ്യക്തി ജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങൾ മറച്ചുവയ്ക്കുന്ന പതിവും ഇല്ല. മറ്റുള്ളവർക്ക് എന്ത് തോന്നിയാലും വേണ്ടില്ല തനിക്ക് ഇഷ്ടപ്പെട്ട ബീഡി എവിടെവെച്ചും കൊളുത്തി വലിക്കും. പ്രതീകാത്മകമാണ് ഈ ശൈലി. ആർക്കെന്തു തോന്നിയാലും വേണ്ടില്ല ഞാൻ ഇങ്ങനെയാണ് എന്ന പ്രഖ്യാപനം തന്നെ. കപട വിനയം നടിച്ച് ആരുടെയും ഒരു പ്രീതിയും സമ്പാദിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നുകൂടിയും.
ലോകത്തുനിന്ന് നിരവധി പരാഭവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന, മനസ്സ് വല്ലാതെ നീറുന്ന, ഒരു കൗമാരക്കാരൻ ഈ പ്രായത്തിലും അകമേ ഇരിപ്പുണ്ട്. ആ കുട്ടിയോട് സമരസപ്പെടാൻ കഴിയുന്ന ആർക്കും വളരെ എളുപ്പത്തിൽ അകത്തു കടക്കാം. സമൃദ്ധമായ സ്വീകരണം ലഭിക്കും. ഇണങ്ങിയും പിണങ്ങിയും കളിക്കാൻ സ്വാഗതം. കളി വിരസമാകാതിരിക്കാൻ വേണ്ടത്രയേ ഉണ്ടാവു പിണക്കം. ഇണക്കമോ സ്ഥായിയും.
അകത്തെ ഈ കുട്ടിയാണ് ഏത് എഴുന്നള്ളത്തിന് പോയാലും തലപ്പൊക്കം തനിക്കാവണം എന്ന് ശഠിക്കുന്നത്. പക്ഷേ, എത്ര പിണങ്ങിയാലും സമപ്രായക്കാരനായ ഒരു കുട്ടിക്ക് ഒരു ചെറുവിരലിൽ കൊണ്ടു നടക്കാം! എന്നാലോ, കുന്തവും തോട്ടിയുമായി ഏത് കൊലകൊമ്പൻ പാപ്പാൻ വന്നാലും വിവരമറിയും!
താൻ എഴുതുന്നത് ഒന്നാന്തരം ആണ് എന്ന് ഉറപ്പുള്ളതുകൊണ്ട് പക്ഷാന്തരങ്ങൾക്ക് പഴുതില്ല. ഒരു വാക്കിലോ വാചകത്തിലോ പോലും ആരെയെങ്കിലും അനുകരിച്ചു എന്ന ദോഷം ഒരാൾക്കും പറയാനും ആവില്ലല്ലോ.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളെ പോലും താനുമായുള്ള അടുപ്പത്തിന്റെ കാര്യത്തിൽ മുൾമുനയിൽ നിർത്തി രസിക്കുന്നതാണ് രീതി. അതിനാൽ ആ മനസ്സിൽ എനിക്ക് ഒരിത്തിരി ഇടമുണ്ട് എന്ന് പറയാൻ എനിക്ക് ഇപ്പോഴും പേടിയാണ്. പക്ഷേ ഇന്നൊരു ദിവസം അത് പറയാതിരിക്കാൻ നിർവാഹമില്ല.
മലയാള പദങ്ങൾ കൊണ്ട് എന്തൊക്കെ ഇന്ദ്രജാലം കാണിക്കാം എന്ന് കുട്ടിക്കാലത്തെ എന്നെ ബോധ്യപ്പെടുത്തിയ ഈ ഗുരുഭൂതന് നമസ്‌കാരം. വെറുതെ പറയുന്നതല്ല, നൂറും കടന്ന് വാസുവേട്ടൻ ആരോഗ്യവാനായി പുലരുന്ന ഭൂമിയിൽ ജീവിച്ചിരിക്കാൻ പൂതിയുണ്ട്. അത്രയും ഊഷ്മളമാണ് വല്ലപ്പോഴും ഒക്കെ ഒരു ചെറിയ ചീള് തുറന്ന ആ മനസ്സിൽൽനിന്നും എനിക്ക് ഒഴുകി കിട്ടിയ സഹാനുഭാവം.
ഇത് എനിക്ക് മാത്രം ഉണ്ടായി കിട്ടിയ അനുഗ്രഹവും അല്ല. മനസ്സിൽ വിളയിച്ച് അദ്ദേഹം വിളമ്പിത്തന്ന സ്‌നേഹ രസം അദ്ദേഹത്തിന്റെ കൃതികളിലൂടെ അനുഭവിക്കാതെ മലയാളക്കരയിൽ ആരുമില്ലല്ലോ. എല്ലാവരുടെയും കൂട്ടത്തിൽ ഈ ഞാനും മനസ്സറിഞ്ഞ് ആയുരാരോഗ്യങ്ങൾ നേരുന്നു.