
കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയംതേടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡ് പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി. ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് നേരത്തെ അനുവദിച്ച സമയം15ന് തീരുന്നത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിന്റെ നടപടി. .
നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലം ഇന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരം തിരുവനന്തപുരം ഫോറൻസിക് ലാബിലാണ് കാർഡ് പരിശോധിച്ചത്. മൂന്നു തീയതികളിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നാണ് പരിശോധനാഫലമെന്നാണ് സൂചന. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.