
പലവിധ ശുഭകാര്യങ്ങൾ വന്നുചേരാൻ ജ്യോതിഷശാസ്‌ത്രമനുസരിച്ച് ധരിക്കുന്നതാണ് നവരത്നങ്ങൾ. ഓരോ രത്നങ്ങൾക്കും വിവിധതരം ഗുണങ്ങളുണ്ട്. വിവിധ പ്രശ്‌നങ്ങൾ കാരണം വിഷമിക്കുന്നവർക്ക് ഇവ ധരിക്കുന്നത് ശുഭകരമാണെന്നാണ് വിശ്വാസം. ആയുർവേദ വിധിപ്രകാരം രോഗങ്ങൾക്ക് മരുന്നിനായി പൊടിയായും ചാരമായും ഉപയോഗിക്കുന്നതാണ് പവിഴം അഥവാ മുത്ത്. തൂവെളള നിറമുളള ഈ രത്നം വിധിപ്രകാരം ധരിക്കുന്നത് വഴി പല ശുഭഗുണങ്ങളുമുണ്ടാകുമെന്ന് കരുതപ്പെടുന്നു.
പവിഴം യഥാവിധി ധരിക്കുന്നത് ബുദ്ധിശക്തിയ്‌ക്ക് നല്ലതാണ്, ഒപ്പം കീർത്തിയും ലഭിക്കും. ധനസമ്പാദനത്തിനും ഐശ്വര്യത്തിനും പവിഴം നല്ലതാണ്. സ്‌ത്രീകൾക്കാകട്ടെ ആകർഷകത്വമുണ്ടാകാനും വശ്യതയുണ്ടാകാനും ഭാഗ്യരത്നമായി മുത്ത് ധരിക്കാം. ചന്ദ്രന്റെ ദോഷഫലങ്ങൾ അകറ്റാനും പവിഴം ധരിക്കുന്നതിലൂടെ സാധിക്കും. ചന്ദ്രന്റെ സ്ഥാനവും പക്ഷബലവുമനുസരിച്ച് മുത്ത് ധരിച്ചാൽ ഗുണങ്ങൾ പലതും അനുഭവത്തിൽ വരും.
ഉറക്കവുമായി ബന്ധപ്പെട്ട് വരുന്ന അസുഖങ്ങൾക്കും, സ്‌ത്രീജന്യ രോഗങ്ങളും, ജലദോഷം, മഹോദരം എന്നിവയ്‌ക്കും ജലജീവികളിൽ നിന്നും സംഭവിക്കുന്ന പ്രശ്‌നങ്ങൾക്കും മുത്ത് പൊടിച്ചോ ചാരമാക്കിയോ ഔഷധങ്ങളിൽ ഉപയോഗിക്കുന്നത് നമ്മുടെ നാട്ടിൽ പണ്ടുമുതലേ പതിവാണ്.