wp

സോഷ്യൽ മീഡിയ മെസേജിംഗ് ആപ്പായ വാ‌ട്‌സാപ്പ് സംഭാഷണങ്ങൾക്ക് ഇമോജി പ്രതികരണങ്ങൾ ഉൾപ്പെടുത്തി അപ്‌ഡേറ്റ് ചെയ്‌തത് ഈയിടെയാണ്. കമന്റിനോ ചിത്രങ്ങൾക്കോ സ്‌റ്റാറ്റസിനോ റിപ്ളേയായി നൽകുന്നതിന് പകരം അതിന് ചുവട്ടിൽതന്നെ ഇമോജി നൽകുന്ന അപ്‌ഡേറ്റായിരുന്നു ഇത്. എന്നാൽ ഇനി വരാൻ പോകുന്ന അവരുടെ പുതിയ അപ്‌ഡേറ്റ് നിലവിലുള‌ളതിലും മികച്ചതാണ്. സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ലിങ്കുകൾ എന്നിവയ്‌ക്ക് പുറമേ ഇനിമുതൽ വോയിസ് മെസേജുകളും സ്‌റ്റാറ്റസ് അപ്‌ഡേറ്റായി വാട്‌സാപ്പിൽ നൽകാനാകും. ഈ ഫീച്ചർ വികസിപ്പിച്ചെടുക്കുന്നതിനുള‌ള പണിയിലാണിപ്പോൾ വാട്‌സാപ്പ്.

വാട്‌സാപ്പ് ഫീച്ചർട്രാക്കർ നൽകുന്ന വിവരമനുസരിച്ച് ഇത്തരം അപ്ഡേറ്റുകളെ വോയ്‌സ് സ്‌റ്റാറ്റസ് എന്നാകും വിളിക്കുക. സ്‌റ്റാറ്റസ് ടാബിന് ചുവട്ടിൽ ഒരു പുതിയ ഐക്കൺ ഉണ്ടാകും. വാട്‌സാപ്പ് സ്‌റ്റാറ്റസ് പ്രൈവസി സെറ്റിംഗ്‌സിൽ ഉള‌ളവർക്ക് മാത്രമേ ഈ വോയ്‌സ് സ്‌റ്റാറ്റസ് കാണാനാകൂ. ചിത്രങ്ങളും വീഡിയോകളും പോലെ ഇവയും പങ്കുവയ്‌ക്കുന്നത് സ്വകാര്യത സംരക്ഷിക്കുമെന്ന് വാബെറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ വാട്‌സാപ്പ് രണ്ട് ഫോണിൽ നിന്നും ഒരു അക്കൗണ്ട് ഓപ്പറേറ്ര് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നില്ല. എന്നാൽ പുതിയൊരു കമ്പാനിയൻ മോഡ് കമ്പനി വികസിപ്പിച്ചെടുക്കുന്നതിന് ആലോചിക്കുകയാണ്. ഇത് നടപ്പിലായാൽ രണ്ട് ഫോണുകളിൽ നിന്നും ഒരു വാട്‌സാപ്പ് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാൻ കഴിയും. വാട്‌സാപ്പ് അക്കൗണ്ടുമായി രണ്ടാമത് ഫോൺ ലിങ്ക് ചെയ്യിക്കുകയാണ് ഇതിനുള‌ള മാർഗം. ഇതിന് ഒരൽപം സമയമെടുത്തേക്കാം. എന്നാലും ചാറ്റ് സാദ്ധ്യമായേക്കും.