
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല. നാളെ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതേസമയം, കോഴിക്കോട് ശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമിന്റെ ഷട്ടർ ഉയർത്തി. കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത കാറ്റും മഴയും തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.