
കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ തുടരുന്നു. പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകര്‍ കൈയേറിയ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള സൈനിക നീക്കം പരാജയപ്പെട്ടു.
പ്രക്ഷോഭകാരികളുമായി ഏറ്റുമുട്ടിയ സേന കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ആകാശത്തേക്ക് വെടി വയ്ക്കുകയും ചെയ്തു. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രക്ഷോഭം വ്യാപിക്കുമെന്നാണ് സൂചന. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ എന്തും ചെയ്യാൻ ആക്ടിംഗ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെ സൈന്യത്തിന് അനുമതി നൽകിയിട്ടുണ്ട്.
പ്രസിഡന്റ് ഗോതബായ രാജപക്സെ മാലിദ്വീപ് തലസ്ഥാനമായ മാലെയിലാണ് ഇപ്പോഴുള്ളത്. സിംഗപ്പൂരിലേക്ക് പോകാൻ ഒരു സ്വകാര്യ ജെറ്റ് ഏർപ്പാടാക്കാൻ മാലിദ്വീപ് സർക്കാരിനോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. സിംഗപ്പൂരിൽ എത്തിയശേഷം സ്പീക്കർക്ക് രാജി അയച്ചുകൊടുക്കുമെന്നാണ് സൂചന.
രാജപക്സെയ്ക്ക് അഭയം നൽകിയതിനെതിരെ മലിദ്വീപ് പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് സിംഗപ്പൂരിലേക്ക് പോകാൻ തീരുമാനിച്ചതെന്നാണ് സൂചന. ഇന്നലെ പുലർച്ചെ സൈനിക വിമാനത്തിലാണ് രാജപക്സെ മാലിദ്വീപിലെത്തിയത്. ഭാര്യ ലോമയും രണ്ട് അംഗരക്ഷകരും അദ്ദേഹത്തിനൊപ്പമുണ്ട്.