തേനീച്ചയുടെ ശല്യം സഹിക്കവയ്യാതെ കോഴിക്കോട് കോട്ടൂളിയിലെ നാട്ടുകാരും മാവേലിസ്റ്റോർ ജീവനക്കാരും. ന്യായവിലയ്ക്ക് സാധനങ്ങൾ വാങ്ങാം എന്ന് കരുതി ഇവിടെ എത്തുന്നവർക്ക് കിട്ടുന്നത് തേനീച്ചയുടെ കുത്താണ്. ഇക്കാരണത്താൽ തന്നെ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചാണ് ജീവനക്കാർ നിൽക്കുന്നത്.

സ്റ്റോറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പഞ്ചസാര ചാക്കിലാണ് തേനീച്ച കൂടുവച്ചിരിക്കുന്നത്. ചാക്കിൽ തൊടുന്നവർക്ക് തേനീച്ചയുടെ കുത്ത് ഉറപ്പാണ്. അതിനാൽ തന്നെ ഒരാഴ്ചയായി ഇവിടുത്തെ പഞ്ചസാര വിതരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

സ്റ്റോറിൽ മൂന്ന് ജീവനക്കാർക്കും സാധനം വാങ്ങാൻ വന്ന ഒരു വ്യക്തിക്കും ഇതിനോടകം കുത്ത് കിട്ടി കഴിഞ്ഞു. തേനീച്ചകളെ അകറ്റാൻ പുകയിട്ട് നോക്കിയപ്പോൾ താൽക്കാലിക ആശ്വാസം കിട്ടിയെങ്കിലും വീണ്ടും അവ കൂട്ടമായി പഞ്ചസാര ചാക്കുകളിൽ കുടിയേറിയിരിക്കുകയാണ്. രാവിലെ സ്റ്റോർ തുറക്കുന്നത് മുതൽ അടയ്ക്കുന്നത് വരെ പേടിയോടെയാണ് നാട്ടുകാരും ജീവനക്കാരും ഇവിടേയ്ക്കെത്തുന്നത്.

maveli-store