
പ്രതിസന്ധികളിൽ തളരുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു ജീവിതമാണ് ഡോ. ഫാത്തിമ അസ്ലയുടേത്. ജനിച്ച് മൂന്നാം ദിവസം പിന്നിട്ടതു മുതൽ വേദനകളുടെ ലോകത്താണ് അവൾ ജീവിച്ചത്. എല്ലുകൾ പൊടിയുന്ന രോഗമായിരുന്നു ഫാത്തിമയെ ബാധിച്ചത്.
പക്ഷേ, അതിലൊന്നും തളരാതെ വാശിയോടെ പഠിച്ച് ഡോക്ടറായി. ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെയും വേദനകളെയും കുറിച്ചെല്ലാം ഫാത്തിമ സോഷ്യൽ മീഡിയയിൽ എഴുതാറുണ്ട്. ഇപ്പോഴിതാ, താൻ അടക്കമുള്ള നിരവധി ഭിന്നശേഷിക്കാർ ആരോടും പറയാത്ത നിരവധി വേദനകൾ സഹിച്ചാണ് ഓരോ ദിവസവും ജീവിക്കുന്നതെന്ന് അവൾ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം...
സ്കോളിയോസിസ് സർജറി കഴിഞ്ഞത് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്.. പക്ഷെ, ജനിച്ചപ്പോൾ തൊട്ട് എന്റെ നട്ടെല്ലിന് വളവ് ഉണ്ടായിരുന്നു.. പ്രായം കൂടുന്നതിന് അനുസരിച്ചു അത് കൂടി കൊണ്ടിരുന്നു..നട്ടെല്ല് വളയുന്നതിന് അനുസരിച്ചു organs congested ആയി ശ്വാസം മുട്ട് ഉണ്ടാവാൻ തുടങ്ങി, ഇരിക്കുമ്പോൾ വാരിയെല്ല് ഇടുപ്പെല്ലിനെ തൊടുന്ന അത്രയും മോശമായി അവസ്ഥ..എല്ലാം ദിവസങ്ങളിലും എനിക്ക് നടുവേദന ഉണ്ടായിരുന്നു.."എല്ലാം എന്റെ തോന്നലാണ്" എന്ന് പറഞ്ഞവരൊക്കെയും എക്സ് റേ കണ്ടതിന് ശേഷം ആണ് വിശ്വസിച്ചത്..
ആദ്യമായി ഗംഗ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത് "ഈ സർജറി സക്സസ് ആവുമോ എന്ന് അറിയില്ല..പക്ഷെ ഇനിയും വൈകിയാൽ നിങ്ങൾക്ക് ഇരിക്കുന്നത് ബുദ്ധിമുട്ട് ആയിരിക്കും " എന്നാണ്.. ശരീരം തളർന്നു പോവുമോ എന്ന് അപ്പയും ഉമ്മച്ചിയും പേടിച്ചു നിന്നപ്പോഴും സർജറി ചെയ്തത് എന്റെ നിർബന്ധത്തിന്റെ പുറത്താണ്..എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വേദന അനുഭവിച്ചത് ആ സമയത്താണ്..
ഒരു ഭാഗവും തിരിഞ്ഞു കിടക്കാൻ കഴിയാതെ, "ഉറങ്ങാൻ മരുന്ന് തരുമോ ഡോക്ടറേ " എന്ന് കെഞ്ചി കരഞ്ഞിട്ടുണ്ട്.. ദാഹിച്ചിട്ട് vomit ചെയ്തപ്പോൾ കുടിക്കാൻ തന്ന വെള്ളം ആരും അറിയാതെ കുടിച്ചിട്ടുണ്ട്.. Urine / stool pass ചെയ്യാൻ കഴിയാതെ ഒരു രാത്രി ആംബുലൻസ് വന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ പോവേണ്ടി വന്നിട്ടുണ്ട്..
ആ സർജറിക്ക് ശേഷം 70 % വളവ് മാറിയിട്ടുണ്ട്.. പക്ഷെ, എനിക്ക് ഇപ്പോഴും നടുവേദന ഉണ്ടാവാറുണ്ട്, പുറത്ത് ഒരു ഭാരം കയറ്റി വെച്ചത് പോലെ stiffness ഉണ്ട്.. ആരെങ്കിലും അറിയാതെ തൊട്ടാൽ പോലും ഭാരം വീഴുന്ന കണക്ക് ആണ് എനിക്ക് അനുഭവപ്പെടാറുള്ളത്.. പ്ലേറ്റ് ആണ് ഇപ്പൊ എന്നെ താങ്ങി നിർത്തുന്നത്..
പറഞ്ഞ് വന്നത് ഞാൻ അടക്കമുള്ള പല disabled persons ഉം നിങ്ങളോട് പോലും പറയാത്ത വേദനകൾ സഹിച്ചാണ് ഓരോ ദിവസവും ജീവിക്കുന്നത്.. അത് കൊണ്ടു തന്നെ എന്നെ ഏതെങ്കിലും രീതിയിൽ ഉപദ്രവിച്ചാൽ, ശാരീരികപരമായോ മാനസികാപരമായോ disability ഉണ്ടാക്കിയ വേദനകൾ കൂട്ടിയാൽ ഞാൻ നിങ്ങളോട് ക്ഷമിച്ചു തന്നു എന്നിരിക്കും, പക്ഷെ മരിക്കുന്ന വരെ ആ വേദന ഉണ്ടാക്കിയ മുറിവുകൾ ഞാൻ മറക്കില്ല...!! Disability യുടെ കാര്യം വരുമ്പോൾ ഞാൻ എല്ലാ രീതിയിലും emotional തന്നെയാണ്..!!