
ഇൻഡോർ: മാസങ്ങളോളം മൃഗശാല സന്ദർശിച്ച് സിംഹങ്ങളെ നിരീക്ഷിച്ച ശേഷമാണ് ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്തതെന്ന് കലാകാരനായ ദിനനാഥ് ഭാർഗവയുടെ കുടുംബം. ഇതിനായി അദ്ദേഹം മൂന്ന് മാസത്തോളം കൊൽക്കത്തയിലെ മൃഗശാല നിരന്തരം സന്ദർശിച്ചിരുന്നുവെന്നും അവർ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ദേശീയ ചിഹ്നത്തിലെ സിംഹങ്ങൾക്ക് ക്രൂര ഭാവമാണെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ദേശീയ ചിഹ്നം രൂപകല്പന ചെയ്ത കലാകാരനായ ദിനനാഥ് ഭാർഗവയുടെ കുടുംബാംഗങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.
'ഗുരുവായ നന്ദലാൽ ബോസിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ചാണ് അദ്ദേഹം ദേശീയചിഹ്നം രൂപകൽപ്പന ചെയ്തത്. സിംഹങ്ങളുടെ ഭാവഭേദങ്ങൾ നിരീക്ഷിക്കാൻ മാസങ്ങളോളം മൃഗശാല സന്ദർശിച്ചു. 1985-ൽ അദ്ദേഹം രൂപകൽപ്പന ചെയ്ത അശോക സ്തംഭത്തിന്റെ പകർപ്പ് ഞങ്ങളുടെ കൈവശമുണ്ട്.' - ദിനനാഥ് ഭാർഗവയുടെ ഭാര്യ പ്രഭ പറഞ്ഞു.
വിശ്വഭാരതി സര്‍വകലാശാലയിലെ കലാഭവന്റെ പ്രിൻസിപ്പലും ഇന്ത്യയിലെ ആധുനികകലയുടെ പിതാവുമായ നന്ദലാൽ ബോസിനായിരുന്നു ഭരണഘടനയുടെ യഥാർത്ഥ പകര്‍പ്പിലെ ചിത്രപ്പണികളുടെയും ദേശീയചിഹ്നത്തിന്റെയും ചുമതല. അദ്ദേഹവും ശിഷ്യന്മാരും ചേര്‍ന്നാണ് ചരിത്രപരമായ ഈ കലാസൃഷ്ടികൾ പൂര്‍ത്തിയാക്കിയത്. ബോസിൻ്റെ ശിഷ്യനായിരുന്ന ദിനനാഥ് ഭാര്‍ഗവയ്ക്കായിരുന്നു ഭരണഘടനയുടെ മുഖചിത്രമാകേണ്ടിയിരുന്ന ദേശീയചിഹ്നം തയ്യാറാക്കാനുള്ള ഉത്തരവാദിത്തം നൽകിയിരുന്നത്. 1947ൽ മോഹൻജദാരോ, സിന്ധൂനദീതട സംസ്കാരം മുതൽ അക്കാലം വരെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള വിവിധ ശൈലികൾ ഉപയോഗിച്ച് ഭരണഘടനയുടെ കവര്‍ ചിത്രവും 34 പേജുകളുടെയും രൂപകൽപന ചെയ്യാനായിരുന്നു നിര്‍ദേശം. സാരാനാഥിലെ അശോകസ്തംഭത്തിൽ നിന്നുള്ള ലയൺ കാപ്പിറ്റൽ തന്നെ കവര്‍ചിത്രമായി വരണമെന്നും നിര്‍ദേശിച്ചിരുന്നു.
ദേശീയചിഹ്നം തയ്യാറാക്കുന്നത് ഭാർഗവയ്ക്ക് ഒരു ഭാരിച്ച ജോലി തന്നെയായിരുന്നു. സർനാഥിലെ ശിൽപമാണ് ആധാരമെങ്കിലും ദേശീയചിഹ്നത്തിലെ സിംഹങ്ങൾക്ക് ജീവനുള്ള സിംഹങ്ങളുടെ ഛായ തന്നെ വേണമെന്ന് നന്ദലാൽ ബോസിന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ യാത്രാസൗകര്യങ്ങളും സാങ്കേതികവിദ്യയും വികസിക്കാത്ത അക്കാലത്ത് അതത്ര എളുപ്പമായിരുന്നില്ല. ഒരു മാസത്തോളം എല്ലാ ദിവസവും ഭാര്‍ഗവ ശാന്തിനികേതനിൽ നിന്ന് കൊൽക്കത്ത മൃഗശാലയിലേയ്ക്ക് 100 കിലോമീറ്റര്‍ യാത്ര നടത്തി. അവിടെ വച്ച് സിംഹങ്ങളുടെ പെരുമാറ്റരീതികളും ചലനങ്ങളും ഭാവങ്ങളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു. എന്നിട്ട് ആദ്യഘട്ട രൂപരേഖകള്‍ തയ്യാറാക്കി നന്ദലാൽ ബോസിനു കൈമാറി. ഇതിനു ശേഷം മാത്രമാണ് ദേശീയചിഹ്നം രൂപകൽപന ചെയ്യുക എന്ന ഭാരിച്ച ജോലി ബോസ് ഭാര്‍ഗവയെ ഏൽപ്പിക്കുന്നത്. ഭാര്‍ഗവ വരച്ച ദേശീയചിഹ്നം ഭരണഘടനയുടെ മുഖചിത്രവുമായി. 1950 ജനുവരി 26ന് ഇന്ത്യ ഇതിന് ഔദ്യോഗികമായി അംഗീകാരം നൽകുകയും ചെയ്തു. ദേശീയചിഹ്നം അംഗീകരിക്കപ്പെടുമ്പോൾ 20 വയസ് മാത്രമായിരുന്നു ഭാര്‍ഗവയുടെ പ്രായം.