
സിനിമയെ ഗൗരവത്തോടെ നിരീക്ഷിക്കാൻ തുടങ്ങിയപ്പോഴാണ് മലയാള സിനിമയെ സിനിമയാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചത് എം.ടിയാണെന്ന് ഞാൻ മനസിലാക്കുന്നത്. രംഗങ്ങളുടെ നാടകീയതയ്ക്കു പകരം ദൃശ്യങ്ങൾക്കു പ്രാധാന്യം നല്കിയും വലിയ വാചകങ്ങൾക്കു പകരം ഒറ്റ ഡയലോഗിൽ രംഗം അനുഭവവേദ്യമാക്കിയും എം.ടി പ്രയോഗത്തിൽ വരുത്തിയ പരിണാമം സിനിമയുടെ ഭാഷ തന്നെ മാറ്റിയെഴുതി!
ഏത് ചലച്ചിത്രകാരനും ആദ്യം മോഹിക്കുന്നത് എം.ടിയുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യണമെന്നായിരിക്കുമല്ലോ. അങ്ങനെയൊരു ആഗ്രഹം എനിക്കുമുണ്ടായിരുന്നു. എസ്. പാവമണി എന്ന പ്രശസ്തനായ ഒരു നിർമ്മാതാവുണ്ടായിരുന്നു. എം.ടിയുടെ സുഹൃത്ത്. എം.ടിയോട് ഒരു തിരക്കഥ എഴുതുന്ന കാര്യം ചോദിക്കാമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു . ഞാനന്ന് തുടക്കക്കാരനാണ്. അപ്പുണ്ണിയൊക്കെ ചെയ്ത കാലം. പാവമണി എം.ടിയോട് കാര്യം പറഞ്ഞു. സത്യന്റെ സിനിമകൾ ശ്രദ്ധിച്ചിട്ടുണ്ട്; നമുക്ക് ഇരിക്കാമെന്ന് മറുപടി.
കോഴിക്കോട് കോസ്മോപൊളിറ്റൻ ക്ളബിൽ റൂം ബുക്ക് ചെയ്തു. ഞാൻ വലിയ ആഹ്ളാദത്തിൽ കോഴിക്കോട്ടെത്തി. എം.ടി മാതൃഭൂമിയിൽ ജോലി ചെയ്യുന്ന കാലമാണ്. രാവിലെ ഓഫീസിൽ പോകുന്നതിന് മുമ്പും അതുകഴിഞ്ഞും അദ്ദേഹം ക്ലബിലേക്ക് വരും. ആ സമയത്താണ് ചർച്ച. ഒരാഴ്ചയോളം ഞങ്ങൾ സിനിമയാക്കാൻ പറ്റിയ വിഷയത്തെ കുറിച്ച് ചിന്തിച്ചു. കൃത്യമായൊന്നും ഉരുത്തിരിഞ്ഞ് വന്നില്ല. ഒന്നുരണ്ട് വിഷയങ്ങൾ എം.ടി പറഞ്ഞിരുന്നു. പിന്നീട് അതൊക്കെ സിനിമയായിട്ടുമുണ്ട്.
പക്ഷേ, വളരെ റിസ്കുള്ള ഒരു വിഷയമായതിനാൽ അതിലേക്കു കടക്കാൻ എനിക്ക് പേടിയായിരുന്നു. പ്രത്യേകിച്ച് ഐ.വി ശശിയും ഹരിഹരനുമൊക്കെ എം.ടി സിനിമകളെടുക്കുകയും അവ സാമ്പത്തികമായി വൻവിജയം നേടുകയും ചെയ്യുന്ന സാഹചര്യത്തിൽ. അങ്ങനെ ചർച്ച തത്കാലത്തേക്ക് നിറുത്തിവച്ചു. ഔദ്യോഗികമായ തിരക്കുകൾക്ക് ശേഷം വീണ്ടും ഇരിക്കാമെന്ന് എം.ടി ഉറപ്പ് തന്നു. ആ ഇരിപ്പ് പിന്നീടുണ്ടായില്ല. ഞാൻ എന്റേതായ വഴികളിൽ ശ്രീനിവാസനുമൊക്കെയായിട്ട് സിനിമകൾ ചെയ്തു പോകുകയും എം.ടി അദ്ദേഹത്തിന്റേതായ വഴികളിൽ സഞ്ചരിക്കുകയും ചെയ്തു.
എം.ടിയെപ്പോലെ ഇത്രയും ഹോംവർക്ക് ചെയ്യുന്നൊരാളുണ്ടാവില്ല. വടക്കൻ വീരഗാഥ ചിത്രീകരിക്കുന്നതിന് മുമ്പുള്ള സംഭവമാണ്. ഞാൻ എറണാകുളത്തു നിന്ന് തൃശൂരിലെ വീട്ടിലേക്കു പോകാൻ നിൽക്കുന്നു. അപ്പോൾ മമ്മൂട്ടിക്കും തൃശൂരിൽ വരേണ്ട കാര്യമുണ്ട്. ടാക്സി വിളിക്കാൻ ഒരുങ്ങുമ്പോൾ മമ്മൂട്ടി പറഞ്ഞു, അദ്ദേഹത്തിന്റെ വണ്ടിയിൽ പോകാമെന്ന്. മമ്മൂട്ടിയാണ് ഡ്രൈവ് ചെയ്യുന്നത്. ഡ്രൈവർ പിറകിൽ ഇരിക്കുകയേയുള്ളൂ. മമ്മൂട്ടിയുടെ സ്പീഡ് പേടിയുള്ളതുകൊണ്ട് ഞാൻ വരുന്നില്ലെന്ന് പറഞ്ഞുനോക്കി. സ്പീഡ് കുറച്ച് പോകാമെന്നായി മമ്മൂട്ടി.
വണ്ടിയിൽ കയറിയപ്പോൾ ഒരു കാര്യം കേൾപ്പിച്ച് തരാമെന്നു പറഞ്ഞ് അദ്ദേഹം ഒരു കാസറ്റിട്ടു. വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ സീനുകൾ എം.ടിയെക്കൊണ്ട് വായിപ്പിച്ച് റെക്കാഡ് ചെയ്തിരിക്കുകയാണ്. യാത്രകളിൽ മമ്മൂട്ടി ഇതുകേട്ടു പഠിക്കും. ഏതു വാക്കിന് ഊന്നൽ കൊടുക്കണം, എവിടെ നിറുത്തണം എന്നൊക്കെ നന്നായി മനസിലാക്കാൻ വേണ്ടിയാണത്രേ ഈ ഗൃഹപാഠം. എം.ടി വായിക്കുമ്പോൾ നമ്മൾ കേൾക്കുക മാത്രമല്ല, കാണുക കൂടിയാണ്. അങ്ങനെ സിനിമയിൽ കേൾക്കുന്നതിനു മുമ്പേ ചന്തുവിന്റെ പ്രശസ്തമായ ഡയലോഗുകൾ കേൾക്കാൻ എനിക്ക് കഴിഞ്ഞു.
(കേരളകൗമുദി ആർക്കൈവ്സിൽ നിന്ന്)